ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ തനിക്ക് നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍. ഇക്കുറി പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും അടുത്ത സീസണില്‍ രാജസ്ഥാന്‍ ശക്തമായി തിരിച്ചെത്തുമെന്ന് സഞ്ജു ആരാധകര്‍ക്ക് ഉറപ്പുനല്‍കി. സഞ്ജുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

Thank you everyone for your love and support...!! We will come back stronger Rajasthan Royals 🙏🏼

Posted by Sanju Samson on Sunday, 1 November 2020

ഈ സീസണില്‍ 14 മത്സരങ്ങളില്‍ 375 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. 58 ആണ് ഉയര്‍ന്ന സ്‌കോര്‍. 30നടുത്ത് ശരാശരിയും 150ലേറെ സ്‌ട്രൈക്ക് റേറ്റും കാത്തുസൂക്ഷിക്കാന്‍ സഞ്ജുവിനായി. മൂന്ന് അര്‍ധ സെഞ്ചുറികള്‍ പിറന്നപ്പോള്‍ 26 സിക്‌സറും 21 ഫോറും ആ ബാറ്റില്‍ നിന്ന് പറന്നു. ആദ്യ മത്സരങ്ങളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ആളിക്കത്തിയ സഞ്ജു പിന്നീട് നിറംമങ്ങിയിരുന്നു. എന്നാല്‍ സീസണിനൊടുവില്‍ വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു അവസാന മത്സരത്തില്‍ നിരാശപ്പെടുത്തി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 60 റണ്‍സിന്‍റെ തോല്‍വി രാജസ്ഥാന്‍ വഴങ്ങിയപ്പോള്‍ സഞ്ജുവിന് നാല് പന്തില്‍ ഒരു റണ്‍ മാത്രമാണ് നേടാനായത്. യുവ പേസര്‍ ശിവം മാവിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു മലയാളി താരം. കൊല്‍ക്കത്ത മുന്നോട്ടുവച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 131 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന്‍ പുറത്തായി. 

വണ്ടി വിടല്ലേ, ആള് കയറാനുണ്ട്; ചെന്നൈക്കും പഞ്ചാബിനുമൊപ്പം രാജസ്ഥാനെ യാത്രയാക്കി ട്രോളര്‍മാര്‍

Powered by