അബുദാബി:ഐപിഎല്ലിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 196 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 21 പന്തില്‍ ഏഴ് സിക്സും രണ്ട് ബൗണ്ടറിയും പറത്തി 60 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് മുംബൈയ്ക്ക് മികച്ച  സ്കോര്‍ സമ്മാനിച്ചത്. അവസാന നാലോവറില്‍ മുംബൈ 74 റണ്‍സാണ് അടിച്ചു കൂട്ടിയത്. രാജസ്ഥാനായി ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതമെടുത്തു.

സിക്സടിച്ച് ഡീകോക്ക്, തിരിച്ചടിച്ച് ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവര്‍ തന്നെ സംഭവബഹുലമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്കെതിരെ തകര്‍പ്പന്‍ സിക്സ് നേടിയ ഡീകോക്കിനെ(6) ആര്‍ച്ചര്‍ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡാക്കി. ആര്‍ച്ചറുടെ ആദ്യ രണ്ടോവറുകള്‍ അതിജീവിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പവര്‍പ്ലേയില്‍ മുംബൈയെ 59 റണ്‍സിലെത്തിച്ചു. ഇരുവരും നിലയുറപ്പിച്ചതോടെ മുംബൈ 10 ഓവറില്‍ 89 റണ്‍സടിച്ച് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.

ആര്‍ച്ചറുടെ അത്ഭുത ക്യാച്ചും ശ്രേയസിന്‍റെ ഇരട്ടപ്രഹരവും

മുംബൈ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ ഇഷാന്‍ കിഷനെ(36 പന്തില്‍ 37) തേര്‍ഡ് മാനില്‍ ജോഫ്ര ആര്‍ച്ചര്‍ പറന്നു പിടിച്ചത്. ഇഷാന്‍ കിഷന്‍ മടങ്ങിയതിനുശേഷം ക്രീസിലെത്തിയ സൗരഭ് തിവാരി തുടക്കത്തില്‍ റണ്‍സടിക്കാന്‍ ബുദ്ധിമുട്ടിയതോടെ സമ്മര്‍ദ്ദത്തിലായ സൂര്യകുമാര്‍ യാദവ്(26 പന്തില്‍ 40) ശ്രേയസ് ഗോപാലിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ സ്റ്റോക്സിന്‍റെ കൈകളിലൊതുങ്ങി. ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡായിരുന്നു പിന്നീട് ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ ഗോപാലിനെ സിക്സിന് പറത്തിയ പൊള്ളാര്‍ഡിനെ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ശ്രേയസ് ഗോപാല്‍ മുംബൈയെ ഞെട്ടിച്ചു.

പവര്‍ പാണ്ഡ്യ

അതുവരെ മുംബൈയെ പിടിച്ചുകെട്ടിയ രാജസ്ഥാന് കളി കൈവിട്ടത് അങ്കിത് രാജ്പുത്തിന്‍റെ പതിനെട്ടാം ഓവറിലായിരുന്നു. തുടര്‍ച്ചയായ മൂന്ന് സിക്സുകളടക്കം ആ ഓവറില്‍ നാല് സിക്സ് സഹിതം 27 റണ്‍സടിച്ച പാണ്ഡ്യ മുംബൈയെ 150 കടത്തി. തൊട്ടടുത്ത ഓവറില്‍ സൗരഭ് തിവാരിയെ(25 പന്തില്‍ 34) വീഴ്ത്തി ആര്‍ച്ചര്‍ വീണ്ടും ആഞ്ഞടിച്ചു. മൂന്ന് റണ്‍സ് മാത്രമാണ് ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മുംബൈക്ക് നേടാനായത്. എന്നാല്‍ കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തി 20 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ പാണ്ഡ്യ മുംബൈയുടെ കൂറ്റന്‍ സ്കോറിലെത്തിച്ചു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍  ഒരു മാറ്റവുമായാണ് മുംബൈ ഇന്നിറങ്ങിയത്. നഥാന്‍ കോള്‍ട്ടര്‍നൈലിന് പകരം ജെയിംസ് പാറ്റിന്‍സണ്‍ മുംബൈ ടീമിലെത്തി. ഹൈദരാബാദിനെതിരെ കളിച്ച രാജസ്ഥാന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് വിജയം അനിവാര്യമാണ്. അതേസമയം ഇന്ന് ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാം. മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്തും.