അബുദാബി: മുംബൈയുടെ പേരുകേട്ട ബൗളിംഗ് നിരയെ ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് അടിച്ചുപറത്തിയപ്പോള്‍ ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ രാജസ്ഥാന് അവിസ്മരണീയ വിജയം. മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ബെന്‍ സ്റ്റോക്സിന്‍റെ സെഞ്ചുറിയുടെയും സഞ്ജു സാംസണിന്‍റെ ക്ലാസിക്ക് അര്‍ധസെഞ്ചുറിയുടെയും മികിവില്‍ രാജസ്ഥാന്‍ 10 പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

60 പന്തില്‍ 107 റണ്‍സുമായി സ്റ്റോക്സും 31 പന്തില്‍ 54 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 195/5, രാജസ്ഥാന്‍ റോല്‍സ് 18.2 ഓവറില്‍ 196/2. ജയത്തോടെ രാജസ്ഥാന്‍ അവസാന സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു.

തുടക്കം മങ്ങി, പിന്നെ ആളിക്കത്തി

മുംബൈയുടെ വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന് തുടക്കത്തില്‍ അടിതെറ്റി. 11 പന്തില്‍ 13 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ രണ്ടാം ഓവറില്‍ പാറ്റിന്‍സണ്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ കൈകളിലെത്തിച്ചു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സ്റ്റോക്സും ചേര്‍ന്ന് സ്കോര്‍ 44ല്‍ എത്തിച്ചെങ്കിലും സ്മിത്തിനെ ബൗള്‍ഡാക്കി പാറ്റിന്‍സണ്‍ വീണ്ടും മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റുകള്‍ വീഴുമ്പോഴും തകര്‍ത്തടിച്ച സ്റ്റോക്സ് ആണ് തുടക്കത്തില്‍ രാജസ്ഥാന്‍റെ സ്കോറിംഗ് നിരക്ക് താഴാതെ കാത്തത്.

മിന്നലായി സഞ്ജു വെടിക്കെട്ടോടെ സ്റ്റോക്സ്

സഞ്ജു സാംസണും ബെന്‍ സ്റ്റോക്സും ക്രീസില്‍ ഒത്തു ചേര്‍ന്നതോടെ മുംബൈയുടെ പിടി അയഞ്ഞു. ബുമ്രയെയും ബോള്‍ട്ടിനെയും രാഹുല്‍ ചാഹറിനെയും പറത്തിയ സഞ്ജുവും സ്റ്റോക്സും മുംബൈക്ക് ശ്വാസം വിടാന്‍പോലും സമയം നല്‍കിയില്ല. തുടക്കത്തില്‍ കരുതലോട കളിച്ച സഞ്ജു 18 പന്തില്‍ 19 റണ്‍സെന്ന നിലയിലായിരുന്നു. പതിമൂന്നാം ഓവറില്‍ പാറ്റിന്‍സണെ സിക്സിനും ഫോറിനും പറത്തിയാണ് സഞ്ജു ടോപ് ഗിയറിലായത്.

അടുത്ത ഓവറില്‍ രാഹുല്‍ ചാഹറിനും കിട്ടി സഞ്ജുവിന്റെയും സ്റ്റോക്സിന്‍റെയും വക ഓരോ സിക്സ്. മുംബൈ നായകനായ പൊള്ളാര്‍ഡ് രക്ഷകനായ ബുമ്രയെ പന്തേല്‍പ്പിച്ചെങ്കിലും ബുമ്രെയ തുടര്‍ച്ചയായി രണ്ട് തവണ ബൗണ്ടറി കടത്തി 27 പന്തില്‍ സഞ്ജു  സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയിലെത്തി. ഇതിനിടെ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തം പേരിലാക്കി. 23 സിക്സുകളാണ് ഈ സീസണില്‍ സഞ്ജു പറത്തിയത്. സീസണില്‍ 300 റണ്‍സും സഞ്ജു പിന്നിട്ടു.

പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും സ്റ്റോക്സും ചേര്‍ന്ന് 151 റണ്‍സടിച്ചുകൂട്ടി. സ്റ്റോക്സ് 14 ഫോറും മൂന്ന് സിക്സും പറത്തിയപ്പോള്‍ സഞ്ജു നാല് ഫോറും മൂന്ന് സിക്സും പറത്തി. മുംബൈക്കായി ജെയിംസ് പാറ്റിന്‍സണ്‍ രണ്ട് വിക്കറ്റെടുത്തെങ്കിലും 3.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി. ബോള്‍ട്ട് നാലോവറില്‍ 40ഉം ബുമ്ര നാലോവറില്‍ 38ഉം രാഹുല്‍ ചാഹര്‍ മൂന്നോവറില്‍ 36 റണ്‍സും വിട്ടുകൊടുത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 21 പന്തില്‍ ഏഴ് സിക്സും രണ്ട് ബൗണ്ടറിയും പറത്തി 60 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് വെടിക്കെട്ടാമ് മുംബൈയ്ക്ക് മികച്ച  സ്കോര്‍ സമ്മാനിച്ചത്. അവസാന മൂന്നോവറില്‍ മുംബൈ 57 റണ്‍സാണ് അടിച്ചു കൂട്ടിയത്. രാജസ്ഥാനായി ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതമെടുത്തു.