ഷാര്‍ജ: ഷാര്‍ജയില്‍ ഓസ്ട്രേലിയക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ ബാറ്റിംഗ് വെടിക്കെട്ടിനെ അനുസ്മരിപ്പിക്കുംവിധം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നിറഞ്ഞാടി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ സഞ‌്ജു സാസംണിന്റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു.

32 പന്തില്‍ 74 റണ്‍സെടുത്ത സഞ്ജുവും 47 പന്തില്‍ 69 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാന്റെ പ്രധാന സ്കോറര്‍മാര്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാനായി യശസ്വി ജയ്‌സ്വാളിനൊപ്പം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തായിരുന്നു ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സെത്തിയപ്പോഴേക്കും രാജസ്ഥാന് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. ആറ് റണ്‍സെടുത്ത ജയ്‌സ്വാളിനെ ദീപക് ചാഹര്‍ സ്വന്തം ബൗളിംഗില്‍ പിടികൂടി.

ചെന്നൈയെ വിറപ്പിച്ച സഞ്ജു ഷോ

യശ്വസ്വി പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജു നിലയുറപ്പിക്കാന്‍പോലും സമയമെടുക്കാതെ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന്റെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. അഞ്ചാം ഓവറില്‍ സാം കറനെതിരെ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു അതേ ഓവറില്‍ കറമെ സിക്സറിന് പറത്തി വരവറിയിച്ചു.

വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറിനെതിരെ ആയിരുന്നു സഞ്ജുവിന്റെ അടുത്ത പ്രഹരം. സഞ്ജുവിന്റെ മിന്നലടിയില്‍ തന്ത്രം മാറ്റിയ ചെന്നൈ നായകന്‍ ധോണി രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചെങ്കിലും ജഡേജക്കെതിരെ രണ്ട് സിക്സറടിച്ച് സഞ്ജു നയം വ്യക്തമാക്കി.

ജഡേജയെ മാറ്റി പിയൂഷ് ചൗളയെ കൊണ്ടുവന്ന ധോണിയുടെ തന്ത്രവും സഞ്ജുവിന്റെ പ്രഹരത്തില്‍ തകര്‍ന്നു. മൂന്ന് സിക്സടിച്ചായിരുന്നു സഞ്ജു ചൗളയെ വരവേറ്റത്. ഇതിനിടെ 19 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ സഞ്ജു പത്താം ഓവറില്‍ ചൗളക്കെതിരെ വീണ്ടും സിക്സറടിച്ചു. പന്ത്രണ്ടാം ഓവറില്‍ എങ്കിടിയെ തിരികെ കൊണ്ടുവന്ന ധോണിയുടെ തന്ത്രം ഫലിച്ചു.

സഞ്ജുവിനെ വീഴ്ത്തിയ എങ്കിടി ചെന്നൈക്ക് ചെറിയ ആശ്വാസം നല്‍കി. രണ്ടാം വിക്കറ്റില്‍ സ്മിത്തും സഞ്ജുവും ചേര്‍ന്ന് 121 റണ്‍സടിച്ചു. സഞ്ജു പുറത്തായശേഷവും നിലയുറപ്പിച്ച സ്മിത്ത് രാജസ്ഥാന് മികച്ച സ്കോര്‍ ഉറപ്പാക്കിയാണ് പുറത്തായത്. 47 പന്തില്‍ നാല് ഫോറും നാല് സിക്സറും പറത്തിയാണ് സ്മിത്ത് 69 റണ്‍സെടുത്തു.

അവസാനം ആര്‍ച്ചറുടെ വെടിക്കെട്ട്

ലുങ്കി എങ്കിഡി എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്സര്‍ പറത്തിയ ജോഫ്ര ആര്‍ച്ചര്‍ 30 റണ്‍സടിച്ച് രാജസ്ഥാന്റെ സ്കോര്‍ 200 കടത്തി. എട്ട് പന്തില്‍ 27 റണ്‍സടിച്ച ആര്‍ച്ചറും 9 പന്തില്‍ 10 റണ്‍സുമായി ടോം കറനും പുറത്താകാതെ നിന്നു. ചെന്നൈക്കായി സാം കറന്‍ 33 റണ്‍സ് വവങ്ങി മൂന്ന് വിക്കറ്റെടുത്തു.