മുംബൈ: കൊവിഡ് കാരണം ആദ്യം നീട്ടിവെക്കുകയും പിന്നീട് ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തുകയും ചെയ്ത ഐപിഎല്‍ ഒടുവില്‍ യുഎഇയില്‍ വിജയകരമായി പൂര്‍ത്തിയാക്കി ബിസിസിഐ കരുത്തുകാട്ടിയിരിക്കുന്നു. ഇത്രയും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്‍റ് വിജയകരമായി സംഘടിപ്പിച്ചതിന് ബിസിസിഐയെയും ഐപിഎല്‍ ഭരണസമിതിയെയും ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു.

ഐപിഎല്ലിന്‍റെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും ചേര്‍ന്നായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പരിശിലീകകന്‍ രവി ശാസ്ത്രി ഐപിഎല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ അഭിനന്ദിച്ച് ട്വീറ്റിട്ടപ്പോള്‍ ബിസിസിഐ പ്രസിഡ‍ന്‍റായ ഗാംഗുലിയുടെ പേര് പറയാന്‍ വിട്ടുപോയി. ബ്രിജേഷ് പട്ടേലിന്‍റെയും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെയും പേരുകള്‍ രവി ശാസ്ത്രി എടുത്തുപറയുകയും ചെയ്തു.

കൂട്ടത്തില്‍ ഐപിഎല്ലിലെ മെഡിക്കല്‍ സംഘത്തെവരെ അഭിനന്ദിച്ചെങ്കിലും ശാസ്ത്രി ഗാംഗുലിയുടെ പേര് വിട്ടുപോയത് ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. അവര്‍ ഉടന്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. മുമ്പ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ശാസ്ത്രിയെ തഴഞ്ഞ് അനില്‍ കുബ്ലെയെ പരിശീലകനാക്കിയത് മുതല്‍ ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും അഭിനന്ദിച്ച് പുലിവാല് പിടിച്ചിരിക്കുകയാണിപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍. ആരാധകരുടെ പ്രതികരണങ്ങള്‍ നോക്കാം.