ദുബായ്: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഐസിസി വിലക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യം കളിക്കിടെ താരങ്ങള്‍ മറന്നുപോവുന്നത് സാധാരണമാണ്. മുമ്പ് രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പക്കും ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രക്കും പറ്റിയ കൈയബദ്ധം ഇന്നലെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും ആവര്‍ത്തിക്കേണ്ടതായിരുന്നു.

ഐപിഎല്ലില്‍ ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിന്‍റെ മൂന്നാം ഓവറിലായിരുന്നു സംഭവം. നവ്ദീപ് സെയ്നിയുടെ പന്തില്‍ ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷായുടെ മനോഹരമായ കവര്‍ഡ്രൈവ് ഷോര്‍ട്ട് കവറില്‍ ഫീല്‍ഡ് ചെയ്തശേഷമാണ് കോലി പന്തില്‍ തുപ്പല്‍ പുരട്ടാനൊരുങ്ങിയത്.

എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ കോലി പെട്ടെന്നുതന്നെ അതില്‍ നിന്ന് പിന്‍മാറി. ഒപ്പം ഒരു ചെറു ചിരിയോടെ കൈയുര്‍ത്തി തെറ്റുപറ്റിയെന്ന് ആംഗ്യം കാണികകുകയും ചെയ്തു. പൃഥ്വി ഷാ കളിച്ച ഷോട്ടിനെ പുകഴ്ത്തിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കോലി പന്തില്‍ ഉമിനീര്‍ പ്രയോഗിക്കാനൊരുങ്ങിയതിനെക്കുറിച്ചും പ്രതികരിച്ചു. ചില ശീലങ്ങള്‍ മാറില്ലല്ലോ എന്നായിരുന്നു ചിരിയോടെയുള്ള സച്ചിന്‍റെ പ്രതികരണം.

നേരത്തെ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലാണ് രാജസ്ഥാന്‍ താരം ഉത്തപ്പ പന്തില്‍ ഉമനീര്‍ പ്രയോഗം നടത്തിയത്. കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്‌‌ന്‍റെ ക്യാച്ച് പാഴാക്കിയ ശേഷമായിരുന്നു ഉത്തപ്പയുടെ നടപടി.

അതിന് മുമ്പ് പന്തില്‍ ഉമിനീര്‍ പ്രയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ അമിത് മിശ്രയും പുലിവാല്‍ പിടിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടിയെങ്കിലും അംപയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ പന്ത് അണുവിമുക്തമാക്കിയില്ല.

പന്തില്‍ ഉമിനീര്‍ പ്രയോഗം നടത്തിയാല്‍ അമ്പയര്‍ പന്ത് വാങ്ങി അണുവിമുക്തമാക്കിയശേഷമേ കളി തുടരാവൂ എന്നാണ് ചട്ടം. സംഭവത്തില്‍ അമിത് മിശ്രയും ആരാധകരുടെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

Powered By