ദുബായ്: ഐപിഎല്ലില്‍ മികച്ചൊരു ക്യാച്ചുമായി വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍. ഡല്‍ഹി കാപിറ്റല്‍സിന്‍റെ മലയാളി താരം കൂടിയായ ശ്രേയസ് അയ്യരെ പുറത്താക്കാനാണ് പടിക്കല്‍ ബൗണ്ടറിലൈന്‍ ക്യാച്ചെടുത്തത് എന്നതും ശ്രദ്ധേയമാണ്. 

മെയിന്‍ അലി എറിഞ്ഞ 12-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു പടിക്കലിന്‍റെ പറക്കല്‍. സ്‌പിന്നര്‍മാരെ സ്ഥിരമായി പറത്താറുള്ള ശ്രേയസ് ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്‌സര്‍ ലക്ഷ്യമാക്കി ബാറ്റ് വീശി. എന്നാല്‍ പന്ത് സാഹസികമായി കൈക്കലാക്കി മുകളിലേക്ക് എറിഞ്ഞ ശേഷം ബൗണ്ടറിക്ക് പുറത്തേക്ക് ചാടിയ പടിക്കല്‍ വീണ്ടും ബൗണ്ടറിക്ക് ഉള്ളിലേക്കെത്തി ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് ഇതോടെ 13 പന്തില്‍ 11 റണ്‍സുമായി മടങ്ങി. 

കഴിഞ്ഞ മത്സരത്തിലും ദേവ്‌ദത്ത് പടിക്കലിന്‍റെ മികച്ച ക്യാച്ചുണ്ടായിരുന്നു. രാജസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷയായ ജോസ് ബട്‌ലറെയാണ് സ്ലിപ്പില്‍ പറന്നുപിടിച്ചത്. നവദീപ് സെയ്‌നി എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു പടിക്കലിന്‍റെ പറക്കും ക്യാച്ച്. 12 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും പറത്തി ജോസ് ബട്‌ലര്‍ ഭീഷണിയായി മാറുന്നതിനിടെയാണ് സെയ്നിയുടെ പന്തില്‍ സ്ലിപ്പില്‍ പടിക്കല്‍ പറക്കും ക്യാച്ചെടുത്തത്.സ്ലിപ്പിലേക്ക് താണുവന്ന പന്തിലായിരുന്നു പടിക്കലിന്‍റെ അതിമനോഹര ക്യാച്ച്.

Powered by