ദുബായ്: ഐപിഎല്ലില്‍ മലയാളിതാരം ദേവ്‌ദത്ത് പടിക്കല്‍ അരങ്ങേറ്റം മോശമാക്കിയില്ല. പടിക്കലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ സണ്‍റൈസേഴ്സ് ഹൈദദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന റോയല്‍ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെടുത്തു.  32 പന്തില്‍ 43 റണ്‍സുമായി പടിക്കലും 18 പന്തില്‍ 17 റണ്‍സോടെ ആരോണ്‍ ഫിഞ്ചും ക്രീസില്‍.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ആശിച്ച തുടക്കമാണ് ലഭിച്ചത്. ഭവുനേശ്വര്‍കുമാറിനറെ ആദ്യ ഓവറില്‍ കാര്യമായി സ്കോര്‍ ചെയ്യാനാവാതിരുന്ന പടിക്കല്‍ സന്ദീപ് ശര്‍മയുടെ രണ്ടാം ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങി. നാലാം ഓവറില്‍ ടി നടരാജനെതിരെ മൂന്ന് ബൗണ്ടറി നേടിയ പടിക്കല്‍ ബാംഗ്ലൂരിന്റെ സ്കോറിംഗ് ഉയര്‍ത്തി.

മറുവശത്ത് ആരോണ്‍ ഫിഞ്ച് മെല്ലെ തുടങ്ങിയെങ്കിലും വിജയ് ശങ്കറിനെതിരെ സിക്സറടിച്ച് ഫോമിലായി. ഇതിനിടെ ബൗളിംഗിനെത്തി മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി.