Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ന്നടിഞ്ഞു; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ ജയം

 ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് 9 വിക്കറ്റിന് 112 റണ്‍സെടുക്കാനാണ് സാധിച്ചത്.

IPL 2020 Royal Challengers Banglore beat Kolkata Knight Riders by 82 runs
Author
Sharjah - United Arab Emirates, First Published Oct 12, 2020, 11:19 PM IST

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ തോല്‍വി. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 82 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്തയ്ക്ക് പിണഞ്ഞത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് 9 വിക്കറ്റിന് 112 റണ്‍സെടുക്കാനാണ് സാധിച്ചത്. ബാംഗ്ലൂരിന് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. യൂസ്‌വേന്ദ്ര ചാഹല്‍ നാല്് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത നാലാമതാണ്. 

34 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ്് സ്‌കോറര്‍.  ആന്ദ്രേ റസ്സല്‍ (16), രാഹുല്‍ ത്രിപാഠി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. ടോം ബാന്റണ്‍ (8), നിതീഷ് റാണ (9), ഓയിന്‍ മോര്‍ഗന്‍ (8), ദിനേശ് കാര്‍ത്തിക് (1), പാറ്റ് കമ്മിന്‍സ് (1), കമലേഷ് നാഗര്‍കോട്ടി (4) എന്നിവരാണ് പുറത്തായി മറ്റുതാരങ്ങള്‍. വരുണ്‍ ചക്രവര്‍ത്തി (7), പ്രസിദ്ധ് കൃഷ്ണ (2) പുറത്താവാതെ നിന്നു. സുന്ദര്‍, മോറിസ്, ചാഹല്‍ എന്നിവര്‍ക്ക് പുറമെ നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ഇസുരു ഉഡാന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.  

നേരത്തെ എബി ഡിവില്ലിയേഴ്‌സ് (33 പന്തില്‍ 73), ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47) എന്നിവരുടെ പ്രകടനമാണ് കോലിപ്പടയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആന്ദ്രേ റസ്സല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ച്- ദേവ്ദത്ത് പടിക്കല്‍ (23 പന്തില്‍ 32) സഖ്യം ബാംഗ്ലൂരിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ ദേവ്ദത്ത് മടങ്ങി. റസ്സലിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീടെത്തിയ വിരാട് കോലിക്ക് (28 പന്തില്‍ 33) പതിവ് ശൈലിയില്‍ തുടങ്ങാനായില്ല. ഇന്നിങ്‌സിലൊന്നാകെ തപ്പിത്തടഞ്ഞ കോലിക്ക് ഒരു ബൗണ്ടറി മാത്രമാണ് നേടാന്‍ സാധിച്ചത്. 

ഇതിനിടെ ഫിഞ്ചും മടങ്ങി. പ്രസിദ്ധിന്റെ പന്തില്‍ ഫിഞ്ചിന്റെ വിക്കറ്റ് തെറിച്ചു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. എന്നാല്‍ ഡിവില്ലിയേഴ്‌സ് ഷാര്‍ജയിലെ ചെറിയ ഗ്രൗണ്ട് ശരിക്കും മുതലെടുത്തു. പതിയെ തുടങ്ങിയെങ്കിലും പിന്നീട് ആളിക്കത്തിയ ഡിവില്ലിയേഴ്‌സ് 33 പന്തില്‍ 73 റണ്‍സ് നേടി. ആറ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. കോലിക്കൊപ്പം 100 റണ്‍സാണ് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തത്.

Follow Us:
Download App:
  • android
  • ios