ഷാര്‍ജ: ഐപിഎല്ലിൽ സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. രാജസ്ഥാൻ റോയൽസ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈ സൂപ്പ‍ർ കിംഗ്സിനെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. 

നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും. വാട്സൺ, വിജയ്, ഡുപ്ലെസി, റായുഡു, ചൗള തുടങ്ങി സീനിയർ താരങ്ങളുടെ കൂടാരമാണെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് സൂപ്പ‍ർ കിംഗ്സ്. ലുംഗി എൻഗിഡിയുടെ അതിവേഗ പന്തുകളും രവീന്ദ്ര ജഡേജയുടെയും സാം കറന്റെയും ഓൾറൗണ്ട് മികവും ധോണിയുടെ തന്ത്രങ്ങൾക്ക് കൂടുതൽ മൂ‍ർച്ചയേകും. 

ജോസ് ബട്‍ലറും ബെൻ സ്റ്റോക്സും ഇല്ലാതെയാണ് രാജസ്ഥാൻ ആദ്യ മത്സരത്തിനിറങ്ങുന്നത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പരുക്കിൽ നിന്ന് മോചിതനായത് രാജസ്ഥാന് ആശ്വാസമാണ്. വിക്കറ്റിന് പിന്നിലും മുന്നിലും സഞ്ജു സാംസണിൽ പ്രതീക്ഷകളേറെ. കേരളത്തിന്റെ രഞ്ജിതാരം റോബിൻ ഉത്തപ്പയ്‌ക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാൾ ഇന്നിംഗ്സ് തുറക്കാനാണ് സാധ്യത. ഇംഗ്ലീഷ് പേസർ ജോഫ്ര ആ‍ർച്ച‍ർ, ഡേവിഡ് മില്ലർ, ടോം കറൻ എന്നിവരായിരിക്കും രാജസ്ഥാന്റെ മറ്റ് വിദേശതാരങ്ങൾ. 

അവസാന നാല് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ബട്‌ലറുടെയും സ്റ്റോക്‌സിന്‍റെ അഭാവം രാജസ്ഥാന് തിരിച്ചടിയാണ്. എന്നാല്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കെല്‍പുണ്ട് രാജസ്ഥാന് എന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. 

അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി; ആരാണ് ബാംഗ്ലൂരിന്റെ പുതിയ ബാറ്റിംഗ് ഹീറോ ദേവ്‌ദത്ത് പടിക്കല്‍