ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാരെ തല്ലിതകര്‍ത്ത തകര്‍പ്പന്‍ ബാറ്റിംഗിന് പിന്നാലെ വിക്കറ്റിന് പിന്നിലും മിന്നലായി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് തുടര്‍ച്ചയായ രണ്ട് പന്തില്‍ സഞ്ജു മിന്നല്‍ സ്റ്റംപിംഗ് നടത്തിയത്. രാഹുല്‍ ട്വിവാറ്റിയ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സഞ്ജുവിന്റെ ഇരട്ടപ്രഹരം.

മുരളി വിജയ് പുറത്തായശേഷം ക്രീസിലെത്തിയ സാം കറന്‍ ശ്രേയസ് ഗോപാലിനെതിരെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. പിന്നാലെ രാഹുല്‍ ട്വിവാറ്റിയ എറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടും മൂന്നും പന്തുകള്‍ സിക്സിന് പറത്തി. രാജസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടിയ കറന്‍ അഞ്ചാം പന്തില്‍ വീണ്ടും സിക്സിനായി ക്രീസ് വിട്ടിറങ്ങിയപ്പോള്‍ പക്ഷെ പിഴച്ചു. അടിതെറ്റിയ കറന്‍ തിരികെ ക്രീസിലേക്ക് ബാറ്റ് വെക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പെ സഞ്ജു മിന്നല്‍ സ്റ്റംപിഗിലൂടെ ബെയില്‍സ് തെറിപ്പിച്ചിരുന്നു.

കറന് പിന്നാലെ ക്രീസിലെത്തിയ യുവതാരം റിതുരാജ് ഗെയ്ക്‌വാദ് ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി. അടിതെറ്റിയ ഗെയ്‌ക്‌വാദിന് തിരിച്ചുവരവിന് യാതൊരു അവസരവും നല്‍കാതെ സഞ്ജു വിക്കറ്റ് തെറിപ്പിച്ചു. തിരിഞ്ഞുപോലും നോക്കാതെ ഗെയ്ക്‌വാദ് ക്രീസ് വിട്ടു. നേരത്തെ ബാറ്റിംഗില്‍ തിളങ്ങിയ സഞ്ജുവിന് വിക്കറ്റിന് പിന്നിലും തിളങ്ങാനായത് ഇരട്ടിമധുരമായി.