ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ന് സഞ്ജു സാംസണ്‍, ഋഷഭ് പന്ത് പോരാട്ടം. സീസണിലെ റണ്‍വേട്ടയില്‍ ഇരുവരും ഇതുവരെ ഒപ്പത്തിനൊപ്പമാണ്. അഞ്ച് മത്സരങ്ങളില്‍ 171 റണ്‍സാണ് സമ്പാദ്യം. ഇന്ത്യന്‍ ടീമില്‍ എംസ് ധോണിയുടെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന രണ്ട് യുവ വിക്കറ്റ് കീപ്പര്‍മാര്‍ ഷാര്‍ജയില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഋഷഭ് പന്തിന് ഒരു പാട് അവസരം സെലക്ടര്‍മാര്‍ നല്‍കിയെന്നും സഞ്ജു സാംസണെ പലവട്ടം തഴഞ്ഞെന്നും ഉള്ള പരിഭവം നിലനില്‍ക്കുന്നതിനിടെയാണ് രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന പോരാട്ടം വരുന്നത്. 

ഷാര്‍ജയിലെ രണ്ട് ഇന്നിംഗ്‌സുകളില്‍ സിക്‌സര്‍ പൂരമൊരുക്കിയ സഞ്ജുവിന്റെ തുടക്കം സ്വപ്നതുല്യമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള  മൂന്ന് കളിയില്‍ താരം നിരാശപ്പെടുത്തി. ദുബായിലും അബുദാബിയിലും കളിച്ച മൂന്ന് മത്സരങ്ങളില്‍ 12 റണ്‍സ് മാത്രം ആണ് മലയാളിതാരം നേടിയത്. ബാംഗ്ലൂരിനെതിരെ നിര്‍ഭാഗ്യം സഞ്ജുവിനെ പിടികൂടിയെങ്കില്‍ മുംബൈക്കും കൊല്‍ക്കത്തയ്ക്കും എതിരെ ഷോട്ട് സെലക്ഷനിലെ പാളിച്ച വിനയായി. സ്ഥിരതയില്ലായ്മയെന്ന പതിവുവിമര്‍ശനം അവസാനിപ്പിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ഷാര്‍ജയിലേക്കുള്ള തിരിച്ചുവരവ് സഞ്ജുവിനെ സഹായിക്കും. 

സാഹചര്യം പരിഗണിക്കാതെ കണ്ണുംപൂട്ടി ഷോട്ടുകള്‍ക്ക് മുതിരുന്ന പതിവ് റിഷഭ് പന്ത് ശൈലി ഈ സീസണില്‍ കണ്ടിട്ടില്ല. റിക്കി പോണ്ടിംഗ് കണ്ണുരുട്ടുമെന്ന  പേടി കൊണ്ടുകൂടിയാകാം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്‌ട്രൈക്ക് റേറ്റില്‍ ഈ മാറ്റം പ്രകടമാണ്. ഐപിഎല്‍ കരിയറില്‍ ശരാശരി 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള പന്ത് ഇക്കുറി 139ലേക്ക് താഴ്ന്നതും പ്രതിച്ഛായാ മാറ്റത്തിന് വേണ്ടി കൂടിയാകും. ഡല്‍ഹി ടീമിലെ മിക്ക ബാറ്റ്‌സ്മാന്മാരും മികച്ച ഫോമിലായതിനാല്‍ കാര്യമായ സമ്മര്‍ദ്ദം പന്ത് നേരിടുന്നില്ലെന്നതും പരിഗണിക്കണം.

Powered by