ദുബായ്: ലോക ക്രിക്കറ്റിലെ സ്‌പിന്‍ മാന്ത്രികരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ ഷെയ്‌ന്‍ വോണ്‍. തന്‍റെ കരിയറിനിടെ ഒട്ടുമിക്ക ബാറ്റ്സ്‌മാനെയും കുത്തിത്തിരിയുന്ന പന്തുകൊണ്ട് വോണ്‍ വട്ടംകറക്കി. എന്നാല്‍ തന്നെ പ്രതിരോധത്തിലാക്കിയ രണ്ട് ബാറ്റ്സ്‌മാന്‍മാരുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇതിഹാസ താരം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഉപദേശകനായ വോണ്‍ ഇപ്പോള്‍ ടീമിന്‍റെ ഭാഗമായി യുഎഇയിലുണ്ട്. 

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസിന്‍റെ ബ്രയാന്‍ ലാറയുമാണ് തന്‍റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരായി വോണ്‍ പറയുന്ന പേരുകള്‍. 'എന്‍റെ കാലഘട്ടത്തില്‍ വിസ്‌മയിപ്പിച്ച രണ്ട് താരങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയുമാണ്. തന്‍റെ കാലഘട്ടത്തിലെ മാത്രമല്ല, എക്കാലത്തെയും മികച്ച രണ്ട് ബാറ്റ്സ്‌മാന്‍മാരാണ് ഇരുവരും. അവര്‍ക്കെതിരെ ബൗള്‍ ചെയ്യുന്നത് ആസ്വദിച്ചിരുന്നു. മിക്ക ദിവസങ്ങളിലും അവരെന്ന നാലുപാടും അടിച്ചകറ്റി. എന്നാല്‍ ചില ദിവസങ്ങളില്‍ വിക്കറ്റ് നേടാനായി എന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. 

എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ സച്ചിന്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 664 മത്സരങ്ങളില്‍ 100 സെഞ്ചുറികളടക്കം 34,357 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റില്‍ 11,953 റണ്‍സും ഏകദിനത്തില്‍ 10,450 റണ്‍സും ലാറയുടെ പേരിലുണ്ട്.