ദുബായ്: ഐപിഎല്ലില്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുള്ള മറുപടിയായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ നിക്കോളാസ് പുരാന്‍റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. മൂന്ന് വിക്കറ്റ് വീണ് ടീം പ്രതിരോധത്തിലായിട്ടും തകര്‍ത്തടിച്ചുകളിച്ച പുരാന്‍ ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ വെറും 17 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ദുബായ് വെടിക്കെട്ടോടെ ഐപിഎല്‍ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഈ വിന്‍ഡീസ് താരത്തിനായി. 

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ഒരു താരം നേടുന്ന രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണ് പുരാന്‍ കുറിച്ചത്. 2018ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 14 പന്തില്‍ 50 തികച്ച കെ എല്‍ രാഹുല്‍ മാത്രമാണ് പുരാന് മുന്നിലുള്ളത്. കഴിഞ്ഞ സീസണില്‍ ചെന്നൈക്കെതിരെ 19 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ തന്നെയാണ് മൂന്നാം സ്ഥാനത്തും. 2014ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 19 പന്തില്‍ അമ്പത് പിന്നിട്ട ഡേവിഡ് മില്ലറാണ് പട്ടികയില്‍ നാലാമത്. 

അബ്‌ദുള്‍ സമദ് എറിഞ്ഞ ഒമ്പതാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം പുരാന്‍ 28 റണ്‍സടിച്ചു. ഈ ഓവറിലെ നാലാം പന്ത് ഗാലറിയിലെത്തിച്ച് രാജകീയമായാണ് പുരാന്‍ അര്‍ധ സെഞ്ചുറി തികച്ചത്. പുരാന്‍റെ അര്‍ധ സെഞ്ചുറിക്കിടെ ആറ് സിക്‌സുകള്‍ ഗാലറിയില്‍ ഇടംപിടിച്ചു. 6.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ പഞ്ചാബിനായാണ് പുരാന്‍ വെടിക്കെട്ട് പുറത്തെടുത്തത്.