ദുബായ്: സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത്. ഐപിഎല്ലില്‍ സ്‌മിത്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനാണ്. നിലവിലെ ഏറ്റവും മികച്ച നായകന്‍ ആര് എന്ന റോയല്‍സ് സഹതാരം ജോസ് ബട്‌ലറുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഓസീസ് താരം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരല്ല സ്‌മിത്ത് പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. 

ഇതൊരു ദുര്‍ഘടമായ ചോദ്യമാണ്. ഏകദിന ക്രിക്കറ്റില്‍ ഓയിന്‍ മോര്‍ഗനായിരിക്കാം മികച്ച നായകന്‍, ഇംഗ്ലണ്ടിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തയാളാണ് മോര്‍ഗന്‍. കളിക്കളത്തില്‍ തന്ത്രശാലിയായ നായകനാണ് അദേഹം എന്നുമായിരുന്നു ബട്‌ലറോട് സ്‌മിത്തിന്‍റെ മറുപടി. അടുത്തകാലത്ത് മികച്ച വിജയങ്ങള്‍ നേടിയ നായകന്‍മാരില്‍ ഒരാളാണ് ഓയിന്‍ മോര്‍ഗന്‍. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ജയത്തിലേക്ക് നയിക്കാന്‍ താരത്തിനായിരുന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമാണ് ഓയിന്‍ മോര്‍ഗന്‍. ദിനേശ് കാര്‍ത്തിക്കിനെ മാറ്റി പകരം മോര്‍ഗനെ നായകനാക്കണം എന്ന ആവശ്യം ശക്തമാണ്. ലോകത്തെ മികച്ച നായകനായ മോര്‍ഗന്‍  ടീമിനൊപ്പമുള്ളത് ഭാഗ്യമാണ് എന്ന് കാര്‍ത്തിക് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതേസമയം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സ്റ്റീവ് സ്‌മിത്തിന് അത്ര നല്ല കാലമല്ല. കഴിഞ്ഞദിവസം ഡല്‍ഹി കാപിറ്റല്‍സിനോടും രാജസ്ഥാന്‍ തോറ്റു. ബാറ്റിംഗിലും സ്‌മിത്ത് പരാജയം തുടര്‍ന്നു.

അംപയറെ വിരട്ടിയ ധോണിയെ കളിയാക്കിയോ ഹര്‍ഭജന്‍; പ്രതികരണം ചര്‍ച്ചയാവുന്നു

Powered by