മുംബൈ: ടി20 ബാറ്റ്സ്‌മാന്‍മാരുടെ ഗെയിമാണ് എന്ന പൊതുവേയുള്ള വിലയിരുത്തല്‍ മാറ്റിമറിച്ച ബൗളര്‍മാരുണ്ട്. ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ ഈ കൂട്ടത്തില്‍പ്പെടുന്ന താരമാണ്. നിലവിലെ താരങ്ങളില്‍ ആരാണ് ഏത് ടീമും സ്വന്തമാക്കാന്‍ കൊതിക്കുന്ന ബൗളറാണ്. ഒരു പേരുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ഐപിഎല്‍ പതിമൂന്നാം സീസണില്‍ മികച്ച പ്രകടനം തുടരുന്ന താരത്തിനാണ് മുന്‍താരത്തിന്‍റെ പ്രശംസ.

'ഏത് ബൗളറെയാണ് വേണ്ടതെന്ന് എല്ലാ ഫ്രാഞ്ചൈസികളുടേയും നായകന്‍മാരോട് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവൂ. എല്ലാവരും റാഷിദ് ഖാന്‍ എന്ന് ഉത്തരം നല്‍കും. അദേഹം വിക്കറ്റുകളെടുക്കുന്നു, ഡോട് ബോളുകള്‍ എറിയുന്നു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടുന്നു. കൃത്യമായ ലക്ഷ്യത്തിലാണ് റാഷിദ് പന്തെറിയുന്നത്. ഗുഗ്ലികള്‍ ശരിയായി പ്രയോജനപ്പെടുത്തുന്നു. ഒട്ടേറെ ബാറ്റ്സ്‌മാന്‍മാരെ കുഴപ്പിക്കുന്ന ബൗളിംഗാണ് അദേഹത്തിനേത്. അതുകൊണ്ട് അവനെ വേണമെന്ന് എല്ലാ ക്യാപ്റ്റന്‍മാരും ഒറ്റസ്വരത്തില്‍ പറയും' എന്ന് ഗാവസ്‌കര്‍ പ്രതികരിച്ചു. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബൗളിംഗ് കുന്തമുനയാണ് സ്‌പിന്നറായ റാഷിദ് ഖാന്‍. കഴിഞ്ഞ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ താരം 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. നിക്കോളാസ് പുരാന്‍, മന്‍ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവരെയാണ് റാഷിദ് മടക്കിയത്. മത്സരം 69 റണ്‍സിന് സണ്‍റൈസേഴ്‌സ് ജയിച്ചപ്പോള്‍ 55 പന്തില്‍ 97 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയായിരുന്നു കളിയിലെ താരം. 

'പന്ത് പോരാ, ധോണിയുടെ പിന്‍ഗാമിയാകേണ്ടത് സഞ്ജു'; കാരണം വ്യക്തമാക്കി ഇതിഹാസം