ദുബായ്: രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചര്‍ച്ചാവിഷയമിപ്പോള്‍. ഫിറ്റല്ലെന്ന കാരണത്താല്‍ താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനം നടത്തിയ ഉടനെ രോഹിത് മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം നടത്തുകയും ചെയ്തു. വൈകാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളിക്കുകയും ചെയ്തു. ഇതോടെ വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ ബിസിസിഐക്കെതിരെ രംഗത്തെത്തിയിരുന്നു. രോഹിത്തിന്റെ കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തണമെന്നും അദ്ദേഹം ഫിറ്റാണെന്നും സെവാഗ് പറയുകയുണ്ടായി. 

ഇപ്പോള്‍ ഇതിഹാസതാരവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും രോഹത്തിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ്. മുംബൈക്ക് വേണ്ടി കളിച്ചതോടെ രോഹിത് കായിയക്ഷമത തെളിയിച്ചിട്ടുണ്ടെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ''ബിസിസിഐ എന്തിനാണ് വീണ്ടും രോഹിത്തിന്റെ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. മുംബൈ ഇന്ത്യന്‍സായി വീണ്ടും കളിച്ച് അദ്ദേഹം കായികക്ഷമത തെളിയിച്ചതാണ്. രോഹിത് പൂര്‍ണ കായികക്ഷമതയിലെത്തിയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തായാലും അവര്‍ കാര്യങ്ങള്‍ പരിശോധിക്കട്ടെ. സാധാരണയായി പരിക്കിന് ശേഷം തിരിച്ചെത്തിയാല്‍ പൂര്‍ണ ഫിറ്റ്നസിലേക്കെത്താന്‍ കുറച്ച് മത്സരങ്ങള്‍ കളിക്കണം. എന്നാല്‍ ഈ ടെസ്റ്റ് അദ്ദേഹം ഫിറ്റാണെന്ന് നേരത്തെ തെളിയിക്കും. 

രോഹിത് പൂര്‍ണ കായികക്ഷമത വീണ്ടെടുത്തത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. എത്രയും പെട്ടെന്ന് മടങ്ങിവരാന്‍ സാധിക്കട്ടെയെന്നതാണ് പ്രധാന കാര്യം. വളരെ ആത്മവിശ്വാസമുള്ളയാളായാണ് തോന്നുന്നത്.'' ഗവാസ്‌കര്‍ പറഞ്ഞു.

രോഹിത് ഫിറ്റാണെന്ന് ബോധ്യപ്പെട്ടാല്‍  ഓസീസ് പര്യടനത്തിന് പരിഗണിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അദ്ദേഹത്തെ നിരീക്ഷിക്കുണ്ടെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട് ഓസ്ട്രേലിയയിലേക്കാവും പോവുക.