ദുബായ്: പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ഭുവനേശ്വര്‍ കുമാറിന് പകരം യാര പൃഥ്വിരാജിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ ഉള്‍പ്പെടുത്തി. ഇക്കാര്യം ഫ്രാഞ്ചൈസി ട്വറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. അരക്കെട്ടിന് പരിക്കേറ്റതോടെയാണ് ഭുവി ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. 

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച താരമാണ് പൃഥ്വിരാജ്. രണ്ട് മത്സരങ്ങളാണ് കൊല്‍ക്കത്തയ്ക്കായി കളിച്ചത്. ഇപ്പോഴത്തെ സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറുടെ വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ഇടങ്കയ്യന്‍ പേസറായ പൃഥ്വിരാജിന്റെ വരവ് ഹൈദരാബാദിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. 

നേരത്തെ അരക്കെട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഭുവി പിന്മാറിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ താരം പരിക്കേറ്റ് പിന്മാറിയിരുന്നു. തന്റെ സ്പെല്ലിലെ അവസാന ഓവര്‍ എറിയുന്നതിനിടൊണ് ഭുവിക്ക് പരിക്കേറ്റത്. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വറിന് പകരം സിദ്ധാര്‍ത്ഥ് കൗളാണ് കളിച്ചത്. നാല് ഓവര്‍ എറിഞ്ഞ കൗള്‍ 64 റണ്‍സും വിട്ടുകൊടുത്തിരുന്നു. സന്ദീപ് ശര്‍മ, ടി നടരാജന്‍, ജേസണ്‍ ഹോള്‍ഡര്‍, ബില്ലി സ്റ്റാന്‍ലേക്ക്, ബേസില്‍ തമ്പി, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലുള്ള മറ്റു പേസര്‍മാര്‍.

പരിക്ക് കാരണം സണ്‍റൈസേഴ്സിന് നഷ്ടമാകുന്ന രണ്ടാമത്തെ താരമാണ് ഭുവി. നേരത്തെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനേയും അവര്‍ക്ക് നഷ്ടമായിരുന്നു. മാര്‍ഷിന് പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറാണ് ടീമിലെത്തിയത്.

ഭുവിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പുറത്തുവന്നിട്ടില്ല. ഗൗരവമുള്ളതാണെങ്കില്‍ ഐപിഎല്‍ കഴിഞ്ഞാലുടന്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനും തിരിച്ചടിയാവും.