അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. ജയിക്കുന്നവര്‍  ഡല്‍ഹി കാപിറ്റല്‍സുമായി രണ്ടാം ക്വാളിഫയര്‍ കളിക്കണം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് അബുദാബിയിലാണ് മത്സരം. 

അവസാന അഞ്ച് കളിയില്‍ നാലിലും ജയിച്ച സണ്‍റൈസേഴ്‌സ് ആത്മവിശ്വാസത്തിലാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനൊപ്പം വൃദ്ധിമാന്‍ സാഹ ഇന്നിംഗ്‌സ് തുറക്കാനെത്തിയതോടെ ഹൈദരാബാദിന്റെ സ്‌കോര്‍ ബോര്‍ഡില്‍ മാറ്റം കാണുന്നുണ്ട്. മധ്യനിരയ്ക്ക് കരുത്തായി കെയ്ന്‍ വില്യംസണും മനീഷ് പാണ്ഡേയും. സന്ദീപ് ശര്‍മ്മ, ടി നടരാജന്‍. റഷീദ് ഖാന്‍ എന്നിവര്‍ക്കൊപ്പം ജേസണ്‍ ഹോള്‍ഡറുടെ ഓള്‍റൗണ്ട് മികവുകൂടി ചേര്‍ന്നപ്പോള്‍ ഹൈദരാബാദ് മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. 

അവസാന നാല് കളിയും തോറ്റാണ് കോലി നയിക്കുന്ന ബാംഗ്ലൂര്‍ എത്തുന്നത്. മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളുകയായിരുന്നു അവര്‍. ആദ്യകിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂരിന് മുന്നോട്ട് പോകണമെങ്കില്‍ കളിയും മനോഭാവവും മാറ്റിയാലേ രക്ഷയുള്ളൂ. ദേവ്ദത്ത് പടിക്കലും വിരാട് കോലിയും റണ്ണടിക്കുന്നുണ്ടെങ്കിലും വേഗംപോര. റണ്‍നിരക്ക് ഉയര്‍ത്താന്‍ ഇപ്പോഴും എ ബി ഡിവിലിയേഴ്‌സ് തന്നെ ആശ്രയം. 

റാഷിദ് ഖാന്റെ നാല് ഓവര്‍ അതിജീവിക്കുന്നതിന് ഒപ്പം റണ്‍നിരക്കും ഉയര്‍ത്തണം. പരുക്കേറ്റ ക്രിസ് മോറിസും നവദീപ് സെയ്‌നിയും കളിക്കുമോയെന്ന് ഉറപ്പില്ല. മോറിസിന് പകരം മോയിന്‍ അലി ടീമിലെത്തിയേക്കും. യുസ്‌വേന്ദ്ര ചാഹലും വാഷിംഗ്ടണ്‍ സുന്ദറുമാണ് കോലിയുടെ സ്പിന്‍ പ്രതീക്ഷ. സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ തവണ ജയിച്ചു.

സാധ്യത ഇലവന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് സിംഗ് മന്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, ക്രിസ് മോറിസ്, യൂസ്‌വേന്ദ്ര ചാഹല്‍. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, ജേസണ്‍ ഹോല്‍ഡര്‍, അബ്ദുള്‍ സമദ്, അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍.