ഷാര്‍ജ: ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള വിധിനിര്‍ണായക പോരില്‍  മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 25 പന്തില്‍ 41 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ് സ്കോര്‍. മൂന്ന് വിക്കറ്റെടുത്ത സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറും ഷഹബാദ് നദീമുമാണ് മുംബൈയെ വമ്പന്‍ സ്കോറിലെത്താതെ തടഞ്ഞത്.

വരിഞ്ഞുകെട്ടി സന്ദീപും ഹോള്‍ഡറും

പവര്‍പ്ലേയില്‍ മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും ആദ്യ നാലോവറില്‍ മുംബൈയെ അടിച്ചുതകര്‍ക്കാന്‍ അനുവദിച്ചില്ല. ആദ്യ നാലോവറില്‍ രോഹിത്തിന്‍റെ വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സാണ് മുബൈ നേടിയത്. മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് മുംബൈക്ക് രോഹിത്തിനെ നഷ്ടമായത്. സന്ദീപിന്‍റെ പന്തില്‍ വമ്പന്‍ ഷോട്ടിനായി ക്രീസ് വിട്ടിറങ്ങിയ രോഹിത്തിന് പിഴച്ചു. മിഡ് ഓഫില്‍ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ ഉജ്ജ്വല ക്യാച്ചില്‍ രോഹിത് പുറത്ത്.

സന്ദീപ് എറിഞ്ഞ അഞ്ചാം ഓവറില്‍ അടിച്ചുതകര്‍ത്ത ഡീകോക്ക് ആദ്യ മൂന്ന് പന്തില്‍ ഒരു ഫോറും രണ്ട് സിക്സും നേടിയെങ്കിലും നാലാം പന്തില്‍ ബൗള്‍ഡായി. പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷഹബാസ് നദീമിനെ രണ്ട് തവണ ബൗണ്ടറി കടത്തി സൂര്യകുമാര്‍ യാദവ് മുംബൈ സ്കോര്‍ 48 റണ്‍സിലെത്തിച്ചു.

പ്രതീക്ഷ നല്‍കി സൂര്യുകുമാറും കിഷനും

തുടക്കത്തിലെ തകര്‍ച്ചക്കുശേഷം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് മുംബൈയുടെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് മുംബൈയെ പത്തോവറില്‍ 78 റണ്‍സിലെത്തിച്ച് മികച്ച സ്കോറിനുള്ള അടിത്തറയൊരുക്കി.

നദീമിന്‍റെ ഇരട്ടപ്രഹരത്തില്‍ പകച്ച് മുംബൈ

മികച്ച സ്കോറിലേക്ക് മുംബൈ നീങ്ങുമെന്ന ഘട്ടത്തിലാണ് ഷഹബാസ് നദീം ഇരട്ടപ്രഹരമേല്‍പ്പിച്ചത്. നദീം എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച സൂര്യകുമാറിനെ(29 പന്തില്‍ 36) വൃദ്ധിമാന്‍ സാഹ മിന്നല്‍ സ്റ്റംപിഗിലൂടെ വീഴ്ത്തിയപ്പോള്‍ നാലാം പന്തില്‍ ക്രുനാല്‍ പാണ്ഡ്യയെ(0) കെ.്ന്‍ വില്യംസണ്‍ പറന്നുപിടിച്ചു. റാഷി്ദ ഖാന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ സൗരഭ് തിവാരിയെ(1)വിക്കറ്റിന് പിന്നില്‍ കൈയിലൊതുക്കി സാഹ വീണ്ടും മുംബൈയെ ഞെട്ടിച്ചു.

ഒറ്റ റണ്‍സ് പോലും കൂട്ടച്ചേര്‍ക്കുന്നതിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ വമ്പന്‍ സ്കോറെന്ന മുംബൈ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഇഷാന്‍ കിഷന്‍ നല്‍കിയ അനായാസ ക്യാച്ച് റാഷിദ് നിലത്തിട്ടില്ലായിരുന്നെങ്കില്‍ മുംബൈയുടെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു. പത്താം ഓവറില്‍ 78 റണ്‍സടിച്ച മുംബൈക്ക് പതിനാറാം ഓവറിലാണ് 100 റണ്‍സിലെത്തിയത്.

പൊളിച്ചടുക്കി പൊള്ളാര്‍ഡ്

ഇഷാന്‍ കിഷന്‍(30 പന്തില്‍ 33) പിടിച്ചു നിന്നെങ്കിലും പതിനേഴാം ഓവറില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ സന്ദീപ് ശര്‍മക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കോള്‍ട്ടര്‍നൈലിനും(1) ക്രീസില്‍ അധികം ആയുസുണ്ടായില്ല. നടരാജന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്ന് സിക്സ് പറത്തിയ പൊള്ളാര്‍ഡ് ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സ് കൂടി നേടി മുംബൈ സ്കോറിന് അല്‍പം മാന്യത നല്‍കി. പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടില്‍ അവസാന അഞ്ചോവറില്‍ 51 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്.

മുംബൈയെ കീഴടക്കിയാല്‍ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫിലെത്താനാവു. മുംബൈ ഇന്ത്യന്‍സാകട്ടെ ഒന്നാം സ്ഥാനക്കാരായി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയാണ് മുംബൈ ഇന്നിറങ്ങുന്നത്.