ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍ സന്ദീപ് ശര്‍മയുടേത്. നാല് ഓവറുകള്‍ എറിഞ്ഞ സന്ദീപ് 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ നേടി. ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിസ്, സാം കറന്‍ എന്നിവരെയാണ് സന്ദീപ് മടക്കിയത്. പുതിയ പന്തില്‍ ഓപ്പണര്‍മാരെ വട്ടം കറക്കിയ ശേഷമാണ് പവലിയനിലേക്ക് തിരിച്ചയച്ചത്. പന്ത് രണ്ട് ഭാഗത്തേക്കും സ്വിംഗ് ചെയ്യിക്കുന്നതില്‍ സന്ദീപ് മിടുക്ക് കാണിച്ചിരുന്നു.

ആദ്യ സ്‌പെല്ലില്‍ മൂന്ന് ഓവറുകള്‍ എറഞ്ഞുതീര്‍ത്ത സന്ദീപ് അവസാന ഓവര്‍ എറിയാനെത്തിയത് 18ാം ഓവറിലാണ്. ആ ഓവറില്‍ ധോണിയുടെ വിക്കറ്റെടുക്കാനുള്ള അവസരമുണ്ടായിരുന്നു സന്ദീപിന്. ഒരു റിട്ടേണ്‍ ക്യാച്ചായിരുന്നത്. ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു സംഭവം. ഷോര്‍ട്ട് ലെങ്ത് ഡെലിവറി പ്രതീക്ഷിച്ച പോലെ ബാറ്റിലേക്ക് വന്നില്ല. ലൈനിന് ക്രോസ് കളിക്കാനാണ് ധോണി ശ്രമിച്ചത്. എന്ത് പന്ത് എഡ്ജായി വായുവിലുയര്‍ന്നു. സന്ദീപിന്റെ ഇടത് വശത്തേക്കാണ് പന്ത് ഉയര്‍ന്നത്. 

വലങ്കയ്യന്‍ പേസറായ സന്ദീപ് ഒരു മുഴുനീളെ ഡൈവ് നടത്തി പന്ത് കൈപ്പിടയില്‍ ഒതുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിനിടെ കയ്യില്‍ നിന്ന് വഴുതിവീണു. ക്യാച്ചെടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായി മാറുമായിരുന്നത്. വീഡിയോ കാണാം...