അബുദാബി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ 'യോര്‍ക്കര്‍‌രാജ' ടി നടരാജന്‍ ശ്രദ്ധ നേടിയത് എബിഡിയെ വീഴ്‌ത്തിയ യോര്‍ക്കര്‍ കൊണ്ടാണ്. ക്രീസില്‍ നിലയുറപ്പിച്ചിരുന്ന, ലോകത്തെ ഏത് ബൗളറെയും നിര്‍ഭയം പ്രഹരിച്ച് ശീലമുള്ള എബിഡിക്ക് നട്ടുവിന്‍റെ യോര്‍ക്കറിന് മുന്നില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ എബിഡിയുടെ ഉള്‍പ്പടെ ഒരോവറില്‍ നേടിയ രണ്ട് വിക്കറ്റ് മാത്രമായിരുന്നില്ല നടരാജന്‍റെ സന്തോഷം. 

നടരാജനും ഭാര്യക്കും കണ്‍മണി പിറന്ന വിവരം ആരാധകര്‍ മത്സരശേഷം അറിഞ്ഞു. സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണറാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'നടരാജനും ഭാര്യക്കും അഭിനന്ദനങ്ങള്‍, അവര്‍ക്ക് രാവിലെ കുഞ്ഞ് പിറന്നു, കുഞ്ഞിനുള്ള ഈ സമ്മാനം എത്ര മനോഹരം' എന്നായിരുന്നു വാര്‍ണറുടെ വാക്കുകള്‍. 

ഡെത്ത് ഓവറുകളില്‍ പതിവ് യോര്‍ക്കറുകളുമായി നടരാജന്‍ എത്തും എന്ന് ആര്‍സിബിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി പിന്നിട്ട എബിഡി 18-ാം ഓവറില്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ നട്ടു എന്ത് ചെയ്യും എന്നതായിരുന്നു ആകാംക്ഷ. ഓവറിലെ ആദ്യ പന്തില്‍ വാഷിംഗ്‌ടണ്‍ സുന്ദറെ സമദിന്‍റെ കൈകളിലെത്തിച്ച് നടരാജന്‍ ആര്‍സിബിയെ പ്രഹരിച്ചു. അഞ്ചാം പന്തിലാവട്ടെ സാക്ഷാല്‍ എബിഡിയെ ലോകോത്തര യോര്‍ക്കറില്‍ പറഞ്ഞയച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച യോര്‍ക്കറുകളിലൊന്ന്. എബിഡിയുടെ മിഡില്‍ സ്റ്റംപാണ് പറപറന്നത്. 43 പന്തില്‍ 56 റണ്‍സാണ് ഡിവിലിയേഴ്‌സിന്‍റെ നേട്ടം. 

വീണ്ടും യോര്‍ക്കര്‍‌രാജയായി നടരാജന്‍; മിഡില്‍ സ്റ്റംപ് പാറിപ്പറന്നത് എബിഡിയുടെ- വീഡിയോ

Powered by