അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ 3.30ന നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിംഗ്‌സ് ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി 7.30 ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. 

ദുബായിയില്‍ നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയില്‍ ഏറെ വ്യത്യാസമുള്ള രണ്ട് ടീമുമകള്‍. മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അവസാന സ്ഥാനത്തുമാണ്. ഇരുവരും ഒമ്പത് മത്സരങ്ങള്‍ വീതം കളിച്ചു. പഞ്ചാബിന്റെ അക്കൗണ്ടില്‍ രണ്ട് ജയം മാത്രമാണുള്ളത്. മുംബൈ ആറ് മത്സരങ്ങലില്‍ ജയിച്ചു. 

ദുബായില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ മുംബൈക്ക് സുവര്‍ണാവസരം സീസണില്‍ പഞ്ചാബ് 20 കളിക്കാരെ ഇതുവരെ പരീക്ഷിച്ചപ്പോള്‍ മുംബൈ കളത്തിലിറക്കിയത് 13 പേരെ മാത്രം. പതിവിന് വിപരീതമായി സീസണിന്റെ ആദ്യപകുതിയിലേ ചാംപ്യന്മാരെ പോലെ കളിക്കുന്ന മുംബൈയുടെ പാളയത്തില്‍ കാര്യമായ ദൗര്‍ബല്യങ്ങളില്ല.

പഞ്ചാബാകട്ടേ ക്രിസ് ഗെയിലിന്റെ വരവോടെ വിജയവഴിയിലെത്തിയെന്ന പ്രതീക്ഷയിലാകും. മധ്യനിരയിലെ സ്ഥിരതയില്ലായ്മയും ഡെത്ത് ഓവറുകളിലെ ധാരാളിത്തവും പരിഹരിക്കാനായി ടീമില്‍ വീണ്ടും അഴിച്ചുപണി ഉണ്ടാകുമോയെന്ന് വ്യക്തമല്ല. ഇരുടീമുകളും അബുദാബിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 48 റണ്‍സിന് ജയിച്ചിരുന്നു. 

3.30ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീമിന് സാധ്യതകള്‍ വീണ്ടും സജീവമാവും. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ഹൈദരാബാദിനുള്ളത്. സീസണില്‍ ഇരുടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.