അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് മത്സരം ഏകപക്ഷീയമായത് മുഹമ്മദ് സിറാജിന്‍റെ പവര്‍ പ്ലേയിലെ പഞ്ച് ബൗളിംഗ് കൊണ്ടായിരുന്നു. പവര്‍ പ്ലേയില്‍ തുടര്‍ച്ചയായി രണ്ട് ഓവര്‍ മെയ്ഡന്‍ ആക്കിയ സിറാജ് ആദ്യ മൂന്നോവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

മുന്‍നിര തകര്‍ന്നടിഞ്ഞതോടെ കൊല്‍ക്കത്തയുടെ സ്കോര്‍ 20 ഓവരില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സിലൊതുങ്ങി. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ആറോവറില്‍ 44 റണ്‍സടിച്ച് നല്ല തുടക്കമിട്ടതോടെ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമായി. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ ഏഴാം ഓവറില്‍ ഫിഞ്ചിനെയും പടിക്കലിനെയും നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിയും ഗുര്‍കീരത് സിംഗ് മന്നും ചേര്‍ന്ന് അനായാസം ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചു.

ഇതില്‍ കോലി ഓടിയെടുത്ത വിജയറണ്ണായിരുന്നു രസകരം. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ പതിനാലാം ഓവറില്‍ ജയത്തിലേക്ക് ഒരു റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂരിന് വേണ്ടിയിരുന്നത്. ഫെര്‍ഗൂസന്‍റെ ഷോട്ട് പിച്ച് പന്ത് തേര്‍ഡ്മാനിലേക്ക് തട്ടിയിട്ട കോലി സിംഗിളെടുത്ത് വീണ്ടും രണ്ടാം റണ്ണിനായി തിരിച്ചോടി. ഓടിയെന്ന് മാത്രമല്ല, ഗുര്‍കീരത്തിനെ രണ്ടാം റണ്ണിനായി ഓടിക്കുകയും ചെയ്തു.

കളിയോടുള്ള കോലിയുടെ സമര്‍പ്പണമാണിതെന്ന് ചിലര്‍ വാദിക്കുമ്പോള്‍ അബദ്ധം പറ്റിയതാവും എന്നാതാണ് മറ്റൊരു കൂട്ടരുവാദം. എന്തായാലും ഒരു റണ്‍സ് പൂര്‍ത്തിയായപ്പോഴെ ബംഗ്ലൂര്‍ ജയിച്ചതിനാല്‍ കോലി നേടിയ രണ്ടാം റണ്‍സ് കണക്കില്‍ ഉള്‍പ്പെട്ടില്ല.

Powered BY