ലണ്ടന്‍: സമകാലിക ക്രിക്കറ്റ് താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വെല്ലാനാവുന്നൊരു ബാറ്റ്സ്‌മാനില്ല എന്ന് തറപ്പിച്ചുപറയാം. സ്റ്റീവ് സ്‌മിത്ത് അടക്കമുള്ള പലരും കോലിക്ക് വെല്ലുവിളിയാണെങ്കിലും മൂന്ന് ഫോര്‍മാറ്റിലെയും സ്ഥിരതയാണ് കോലിയെ എതിരാളികളില്‍ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും അമ്പതിലധികം ശരാശരി കോലി നിലനിര്‍ത്തുന്നുണ്ട്. അതിനാല്‍തന്നെ എല്ലാ ഫോര്‍മാറ്റിലേയും ഏറ്റവും സമ്പൂര്‍ണനായ ബാറ്റ്സ്‌മാനാണോ കോലി?

ഇംഗ്ലീഷ് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട് പറയുന്നത് അതേ എന്ന ഉത്തരമാണ്. 'എല്ലാ ഫോര്‍മാറ്റും പരിഗണിക്കുമ്പോള്‍ ഒരുപക്ഷേ ഏറ്റവും സമ്പൂര്‍ണനായ താരമായിരിക്കും കോലി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ കാട്ടുന്ന മികവും അസാധാരണമായി മത്സരം ഫിനിഷ് ചെയ്യാനുള്ള കഴിവും അദേഹത്തിനുണ്ട്. ഇംഗ്ലണ്ടിലെ ആദ്യ പര്യടനത്തില്‍ കോലി തപ്പിത്തടഞ്ഞു. എന്നാല്‍ അതിശക്തമായി തിരിച്ചെത്തി. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് എന്നിവരേക്കാള്‍ ഉയരേയാണ് കോലി' എന്നും റൂട്ട് പറഞ്ഞു. 

കോലിക്കൊപ്പം സ്‌മിത്തിനെയും വില്യംസണിനെയും റൂട്ട് പ്രശംസിച്ചു. 'വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ എങ്ങനെയാണ് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നത് എന്ന് മൂവരില്‍ നിന്ന് കണ്ടുപഠിക്കാറുണ്ട്. കളി കണ്ട് പഠിക്കാനുള്ള മൂന്ന് ഇതിഹാസ താരങ്ങളാണ് ഇവര്‍. വ്യത്യസ്ത പിച്ചുകളിലും അതിസമ്മര്‍ദത്തിലും വില്യംസണ്‍ കളിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. സ്‌‌മിത്ത് കളിക്കുന്നത് കാണുക തന്നെ രസകരമാണ്. സ്‌മിത്ത് മികച്ച റണ്‍വേട്ടക്കാരനുമാണ്. മത്സരത്തെ അദേഹം സമീപിക്കുന്ന രീതി വിസ്‌മയകരമാണ്' എന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു. 

നരെയ്‌ന്‍ നായാട്ട്, റാണയുടെ റണ്‍മഴ; കൊല്‍ക്കത്തയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍