അബുദാബി: ഐപിഎല്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത കാഴ്‌ചയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(ആര്‍സിബി) താരം എ.ബി ഡിവില്ലിയേഴ്‌സ് എടുത്ത 'സൂപ്പര്‍മാന്‍ ക്യാച്ച്'. ഐപിഎല്ലിന്‍റെ 2018 സീസണിലായിരുന്നു ബൗണ്ടറിയില്‍ ചാടിയുയര്‍ന്ന് എബിഡിയുടെ ഒറ്റകൈയന്‍ മായാജാലം. ഈ ക്യാച്ചിനെ അനുകരിച്ച് മിന്നിച്ചിരിക്കുകയാണ് ആര്‍സിബി നായകന്‍ വിരാട് കോലിയിപ്പോള്‍. 

പതിമൂന്നാം സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു കോലിയുടെ പറക്കല്‍. ക്യാപ്റ്റന്‍ കോലി എബിഡിയുടെ സൂപ്പര്‍മാന്‍ ക്യാച്ച് പുനരാവിഷ്‌കരിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ ആര്‍സിബി തന്നെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. 

2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലായിരുന്നു എബിഡിയുടെ മിന്നും ക്യാച്ച്. അന്ന് സ്വന്തം തട്ടകമായ ചിന്നസ്വാമിയില്‍ ബൗണ്ടറിക്കരികെ നിലയുറപ്പിച്ചിരുന്ന എബിഡി അലക്‌സ് ഹെയ്‌ല്‍സിനെ പുറത്താക്കാനാണ് വിസ്‌മയ ക്യാച്ചെടുത്തത്. ബൗണ്ടറിക്ക് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു ക്യാച്ച്.