അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണിലെ കണ്ടെത്തലായി മാറിക്കഴിഞ്ഞിട്ടുണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും മികച്ച പ്രകടനമാണ് പടിക്കല്‍ പുറത്തെടുത്തത്. ബാറ്റിംഗിന് പുറമെ മികച്ച ഫീല്‍ഡറാണ് താനെന്ന് തെളിയിക്കുന്ന പ്രകടനവും മുംബൈക്കെതിരെ മലയാളി താരത്തിന്‍റെ പക്കലുണ്ടായിരുന്നു. 

മുംബൈ ബാറ്റ്സ്‌മാന്‍ സൗരഭ് തിവാരിയെ പുറത്താക്കാനാണ് ദേവ്‌ദത്ത് പടിക്കല്‍ പാറിപ്പറന്നത്. 18 പന്തില്‍ 22 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കവെയാണ് തിവാരിക്ക് പടിക്കല്‍ മടക്കടിക്കറ്റ് നല്‍കിയത്. പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തിലായിരുന്നു വിക്കറ്റ്. 

മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടെങ്കിലും ടോപ് സ്‌കോറര്‍ ദേവ്‌ദത്ത് പടിക്കലായിരുന്നു. കഴിഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് വ്യത്യസ്തമായി അതിവേഗമായിരുന്നു പടിക്കലിന്‍റെ സ്‌കോറിംഗ്. 45 പന്തില്‍ 12 ഫോറും ഒരു സിക്‌സറും സഹിതം 74 റണ്‍സെടുത്തു. മത്സരത്തില്‍ സൂര്യകുമാര്‍ യാദവന്‍റെ ബാറ്റിംഗ് മികവില്‍ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ബാംഗ്ലൂരിന്റെ 164 റൺസ് മുംബൈ അഞ്ച് പന്ത് ശേഷിക്കേ മറികടന്നു. 43 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാറാണ് കളിയിലെ താരം. 

ഒന്നും നൂറും കോലി, അപൂര്‍വനേട്ടത്തിന്‍റെ അമരത്ത് ബുമ്ര