ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ദയനീയ പരാജയമാണ് ഡല്‍ഹി കാപിറ്റല്‍സ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 47 റണ്‍സെടുത്ത ശ്രയസ് അയ്യരായിരുന്നു ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 27 റണ്‍സ് നേടിയിരുന്നു. 

ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. പ്രസിദ്ധ് കൃഷ്ണയ്‌ക്കെതിരെ ഒരു സിക്‌സ് നേടിയതോടെ ഐപിഎല്ലില്‍ ഒരു നാഴികക്കല്ലും പന്ത് പിന്നിട്ടു. അതിവേഗം 100 സിക്‌സര്‍ തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. 1224 പന്തിലാണ് പന്ത് 100 സിക്‌സര്‍ തികച്ചത്. 1338 പന്തില്‍ 100 സിക്‌സര്‍ നേടിയ. യൂസഫ് പത്താന്റെ റെക്കോര്‍ഡാണ് പന്ത് മറികടന്നത്.

ഐപിഎല്ലില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന 21ാം ബാറ്റ്‌സ്മാനാണ് പന്ത്. പ്രസിദ്ധിനെതിരെ നേടിയ സിക്‌സിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. നോ ലുക്ക് സ്‌കൂപ്പ് പറയാവുന്ന രീതിയിലായിരുന്നു പന്തിന്റെ ഷോട്ട്. ശരീരത്തിന് നേരെ വന്ന ബൗണ്‍സര്‍ അല്‍പം ഇടത്തോട്ട് നീങ്ങി പന്ത് പുള്‍ ചെയ്തു. വീഡിയോ കാണാം...