ദില്ലി: കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ പുതിയ ബാറ്റിംഗ് ഹീറോ ആയ രാഹുല്‍ തിവാട്ടിയ. അന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയ മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ താരങ്ങളെ ഡല്‍ഹി പരിശീലകനായ റിക്കി പോണ്ടിംഗ് പേരെടുത്ത് അഭിനന്ദിച്ചു. 27 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്ത ഋഷഭ് പന്തിനെയും 32 പന്തില്‍ 47 റണ്‍സടിച്ച കോളിന്‍ ഇന്‍ഗ്രാമിനെയും ഇഷാന്ത് ശര്‍മ, ട്രെന്‍റ് ബോള്‍ട്ട്, കാഗിസോ റബാദ എന്നിവരുടെ ബൌളിംഗിനെയും പോണ്ടിംഗ് പ്രശംസിച്ചു. 

ഒപ്പം മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങിയെങ്കിലും അക്സര്‍ പട്ടേലിനെ ആശ്വസിപ്പിച്ചു. സ്പിന്നര്‍മാരെ തുണക്കാത്ത പിച്ചില്‍ മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങിയത് വലിയ കാര്യമാക്കുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ ആ മത്സരത്തില്‍ ഡല്‍ഹിക്കായി നാല് ക്യാച്ചെടുത്ത രാഹുല്‍ തിവാട്ടിയയെക്കുറിച്ച് പോണ്ടിംഗ് ഒരക്ഷരം മിണ്ടിയില്ല. അഭിനന്ദനങ്ങളും ആശ്വസിപ്പിക്കലുപം കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ പോണ്ടിംഗിനടുത്തേക്ക് ചെന്ന തിവാട്ടിയ പോണ്ടിംഗിനോട് എന്തോ പറഞ്ഞു. 

എന്താണ് പറഞ്ഞതെന്ന് വ്യക്തമായില്ലെങ്കിലും തിരിഞ്ഞു നിന്ന് ഡ്രസ്സിംഗ് റൂമിലെ മറ്റ് താരങ്ങളോടായി പോണ്ടിംഗ് ഉറക്കെ വിളിച്ചു പറഞ്ഞു, ബോയ്സ്, തിവാട്ടിയ നാല് ക്യച്ചെടുത്തതിന് പുറത്തുതട്ടി അഭിനന്ദിക്കണമെന്നാണ് പറയുന്നതെന്ന്. പോണ്ടിംഗിന്‍റെ പരിഹാസരൂപേണയുള്ള വാക്കുകള്‍ കേട്ട് ഡ്രസ്സിംഗ് റൂമില്‍ പൊട്ടിച്ചിരി ഉയര്‍ന്നു. അതും പറഞ്ഞ് പോണ്ടിംഗ് പോയി. 

ഇതിനുശേഷം സഹതാരമായ അക്സര്‍ പട്ടേല്‍, തിവാട്ടിയക്ക് സമീപമെത്തി ചോദിച്ചു, അഭിനന്ദനമൊക്കെ ആരെങ്കിലും ചോദിച്ചു വാങ്ങിക്കോ എന്ന്. എന്നാല്‍ അന്ന് തിവാട്ടിയ പറഞ്ഞത്, നിങ്ങള്‍ അര്‍ഹിക്കുന്നത് കിട്ടാന്‍ പോരാടുക തന്നെ വേണമെന്ന്. ആ പോരാട്ടവീര്യമാണ് ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും തിവാട്ടിയ പുറത്തെടുത്തത്. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ മെല്ലെപ്പോക്കിന് പരിഹസിച്ചവര്‍ക്ക് ഷെല്‍ഡണ്‍ കോട്രലിനെ ഒരേവറില്‍ അഞ്ച് സിക്സിന് പറത്തി ടീമിനെ ജയത്തിലേക്ക് നയിച്ചായിരുന്നു തിവാട്ടിയയുടെ മറുപടി.

Powered By