അബുദാബി: ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍ പുറത്തെടുക്കുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറി ഈ ഇരുപതുകാരന്‍ പേരിലാക്കി. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലും മികവ് കാട്ടിയതോടെ ഇടംകൈയന്‍ താരത്തെ പ്രശംസിച്ച് സാക്ഷാല്‍ യുവ്‌രാജ് സിംഗ് എത്തി. 

'പടിക്കല്‍ നന്നായി കളിക്കുന്നു. ഒരുമിച്ച് കളിക്കാനും ആരാണ് കൂടുതല്‍ ദൂരം സിക്‌സര്‍ അടിക്കുക എന്ന് അറിയാനും ആഗ്രഹമുണ്ട്' എന്നായിരുന്നു ബാംഗ്ലൂര്‍-രാജസ്ഥാന്‍ മത്സരശേഷം യുവിയുടെ ട്വീറ്റ്. പിന്നാലെ മറുപടിയുമായി ദേവ്‌ദത്ത് പടിക്കല്‍ രംഗത്തെത്തി. 'പാജി, താങ്കളുമായി മത്സരിക്കാനില്ല. ഫ്ലിക്ക് കളിക്കാന്‍ പഠിച്ചത് അങ്ങയില്‍ നിന്നാണ്. താങ്കള്‍ക്കൊപ്പം ബാറ്റ് ചെയ്യാന്‍ എപ്പോഴും ആഗ്രഹമുണ്ട്' എന്നായിരുന്നു ദേവ്‌ദത്തിന്‍റെ പ്രതികരണം. 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ ആര്‍സിബിയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് ദേവ്ദത്ത് പടിക്കല്‍. നാല് മത്സരങ്ങളില്‍ 43.50 ശരാശരിയിലും 134.88 സ്‌ട്രൈക്ക്‌റേറ്റിലും 174 റണ്‍സടിച്ചു. അബുദാബിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന മത്സരത്തില്‍ 35 പന്തില്‍ താരം അര്‍ധ സെഞ്ചുറി തികച്ചു. 16-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പുറത്താകുമ്പോള്‍ 45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സുണ്ടായിരുന്നു താരത്തിന്. 

പറക്കും പടിക്കല്‍, ബട്‌ലറെ പറന്നുപിടിച്ച് ദേവ്‌ദത്ത് പടിക്കല്‍-വീഡിയോ

രാജസ്ഥാനെതിര മികച്ച പ്രകടനം പുറത്തെടുത്ത ആര്‍സിബി നായകന്‍ വിരാട് കോലിയെയും(53 പന്തില്‍ 73) പ്രശംസിച്ചു യുവ‌രാജ് സിംഗ്. 'ഫോം താല്‍ക്കാലികമാണ്, ക്ലാസ് എക്കാലവും നിലനില്‍ക്കും. എന്നിരുന്നാലും, കഴിഞ്ഞ എട്ട് വർഷമായി ഫോമിലല്ലാതെ കോലിയെ കണ്ടിട്ടില്ല എന്നത് അവിശ്വസനീയമാണ്' എന്നായിരുന്നു യുവിയുടെ വാക്കുകള്‍. ദേവ്‌ദത്തും കോലിയും ബാറ്റിംഗിലും ചാഹല്‍ ബൗളിംഗിലും തിളങ്ങിയ മത്സരം എട്ട് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയിച്ചിരുന്നു. 

Powered by