ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജും സാംസണ്‍ പുറത്തായതിനെച്ചൊല്ലി വിവാദം. മൂന്നാം ഓവറില്‍ സ്റ്റീവ് സ്മിത്ത് പുറത്തായശേഷം ക്രീസിലെത്തിയ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ആത്മവിശ്വാസത്തോടെയാണ്
തുടങ്ങിയത്.

അതോടെ പവര്‍പ്ലേയിൽ തന്നെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി പന്തേൽപ്പിച്ചു. ചാഹലിന്‍റെ ആദ്യപന്തിലായിരുന്നു സഞ്ജുവിന്‍റെ വിവാദ പുറത്താകൽ. സ്വന്തം ബൗളിംഗില്‍ പന്ത് പറന്നുപിടിച്ച ഉടനെ ചാഹല്‍ ക്യാച്ച് അവകാശപ്പെട്ടു. ഔട്ടെന്ന് സോഫ്റ്റ് സിഗ്നൽ നൽകിയ ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു.

റീപ്ലേ പരിശോധിച്ച മൂന്നാം അമ്പയറും ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് ഔട്ട് വിധിച്ചു. എന്നാല്‍ റീപ്ലേയില്‍ ക്യാച്ച് പൂര്‍ത്തിയാവും മുമ്പെ ചാഹലിന്‍റെ കൈകളില്‍ നിന്ന് പന്ത് നിലത്ത് തട്ടുന്നത് വ്യക്തമാണെന്നണും മൂന്നാം അമ്പയറുടേത് തെറ്റായ തീരുമാനമാണെന്നുമാണ് ആക്ഷേപം.

പന്ത് നിലത്ത് തട്ടിയോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയാണ് മൂന്നാം അമ്പയറായ പശ്ചിം പഥക് ചെയ്തത്. എന്തായാലും മൂന്നാം അമ്പയറുടെ തീരുമാനത്തിനമെതിരെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തു.