ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 158 റണ്‍സ് പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ് തകര്‍ച്ച. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 ഓവറില്‍ മൂന്നിന് 63 എന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (5), ജോസ് ബട്‌ലര്‍ (16), സ്റ്റീവന്‍ സ്മിത്ത് (5) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. സഞ്ജു സാംസണ്‍ (19), റോബിന്‍ ഉത്തപ്പ (18) എന്നിവരാണ് ക്രീസില്‍. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

ക്വാറന്റൈന്‍ കഴിഞ്ഞ് രാജസ്ഥാന്‍ ടീമിനൊപ്പം ചേര്‍ന്ന ബെന്‍ സ്റ്റോക്‌സ് ഓപ്പണറുടെ റോളിലാണ് എത്തിയത്. എന്നാല്‍ ആദ്യം മടങ്ങിയതും സ്‌റ്റോക്‌സ് തന്നെ. ഖലീലിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിച്ചു. പിന്നാലെയെത്തിയ സ്റ്റീവന്‍ സ്മിത്ത് റണ്ണൗട്ടായി. അടുത്തതായി ബട്‌ലറാണ് മടങ്ങിയത്. നന്നായി തുടങ്ങിയെങ്കിലും ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇപ്പോള്‍ ക്രീസിലുള്ള സഞ്ജു- ഉത്തപ്പ സഖ്യം 37 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തെ മനീഷ് പാണ്ഡെ (44 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 48), കെയ്ന്‍ വില്യംസണ്‍ (12 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.