Asianet News MalayalamAsianet News Malayalam

തീ തുപ്പി തിവാട്ടിയ, പരത്തിയടിച്ച് പരാഗ്; രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ രാജസ്ഥാന്‍ ജയമുറപ്പിക്കുമ്പോള്‍ തെവാട്ടിയ 28 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു.

IPL 20202 Rajasthan Royasl won over hyderabad in thrilling way in Dubai
Author
Dubai - United Arab Emirates, First Published Oct 11, 2020, 7:25 PM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന ജയം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ 5 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. തോല്‍വി ഉറപ്പാകുമെന്ന് തോന്നിച്ച മത്സരം രാജസ്ഥാന് അനുകൂലമാക്കിത് രാഹുല്‍ തെവാട്ടിയയുടെ തകര്‍പ്പന്‍ ബാറ്റിങ്ങായിരുന്നു. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ രാജസ്ഥാന്‍ ജയമുറപ്പിക്കുമ്പോള്‍ തെവാട്ടിയ 28 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. റിയാന്‍ പരാഗ് (26 പന്തില്‍ 42) നിര്‍ണായക പിന്തുണ നല്‍കി. ഖലീല്‍ അഹമ്മദ് എറിഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ പരാഗ് സിക്‌സടിക്കുകയായിരുന്നു.

ബന്‍ സ്‌റ്റോക്‌സ് (5), ജോസ് ബട്‌ലര്‍ (16), സ്റ്റീവന്‍ സ്മിത്ത് (5), റോബിന്‍ ഉത്തപ്പ (18), സഞ്ജു സാംസണ്‍ (26) എന്നീ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് ഇരുവരും ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 78 നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 85 റണ്‍സ് രാജസ്ഥാന് രണ്ട് പോയിന്റ് സമ്മാനിച്ചു. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു തെവാട്ടിയയുടെ ഇന്നിങ്‌സ്. പരാഗ് രണ്ട് വീതം ഫോറും സിക്‌സും നേടി. ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാന്‍, ഖലീല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മോശം തുടക്കമായിരുന്നു രാജസ്ഥാന്. ക്വാറന്റൈന്‍ കഴിഞ്ഞ് രാജസ്ഥാന്‍ ടീമിനൊപ്പം ചേര്‍ന്ന ബെന്‍ സ്റ്റോക്‌സ് ഓപ്പണറുടെ റോളിലാണ് എത്തിയത്. എന്നാല്‍ ആദ്യം മടങ്ങിയതും സ്‌റ്റോക്‌സ് തന്നെ. ഖലീലിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിച്ചു. പിന്നാലെയെത്തിയ സ്റ്റീവന്‍ സ്മിത്ത് റണ്ണൗട്ടായി. അടുത്തതായി ബട്‌ലറാണ് മടങ്ങിയത്. നന്നായി തുടങ്ങിയെങ്കിലും ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഉത്തപ്പ റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ സഞ്ജു റാഷിദിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ച് നല്‍കി.

നേരത്തെ മനീഷ് പാണ്ഡെ (44 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 48), കെയ്ന്‍ വില്യംസണ്‍ (12 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios