Asianet News MalayalamAsianet News Malayalam

ധോണിയില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കരുത്; കാരണം വ്യക്തമാക്കി ബ്രയാന്‍ ലാറ

യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്. ഇത്തവണ ആദ്യ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ച ധോണിപ്പട പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

IPL 2021, Brian Lara talking on Dhoni and his future in csk
Author
Mumbai, First Published Apr 20, 2021, 4:44 PM IST

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം സീസണിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 14-ാം പതിപ്പിനെത്തിയത്. യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്. ഇത്തവണ ആദ്യ മത്സരത്തില്‍ തോല്‍്ക്കുകയും ചെയ്തു. എന്നാല്‍ അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ച ധോണിപ്പട പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. എന്നാല്‍ ബാറ്റുകൊണ്ട് അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യാന്‍ സാധിച്ചില്ല. അതിനെ കുറിച്ച് സംസാരിക്കുകയാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ.

ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കൂടുതലൊന്നും ധോണിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ലാറ പറയുന്നത്. ലാറയുടെ വാക്കുകള്‍... ''ധോണിയില്‍ നിന്ന് ബാറ്റുകൊണ്ട് വലിയ പ്രകടനമൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വിക്കറ്റ് കീപ്പിംഗ് ജോലി അദ്ദേഹത്തിന് ചെയ്യാനുണ്ട്. ക്യാച്ചെടുക്കുന്നതിലും സ്റ്റംപിങ് ചെയ്യുന്നതിലുമായിരിക്കും ധോണിയുടെ ശ്രദ്ധ മുഴുവന്‍. ചെന്നൈയുടെ ബാറ്റിങ് വകുപ്പ് വളരെ ആഴമേറിയതാണ്. ധോണിക്ക് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഏറെ സമയമുണ്ട്. ധോണി ഫോമിലായി കാണാന്‍ നമ്മള്‍ക്കെല്ലാം ആഗ്രഹമുണ്ട്. 

എതിരാളികള്‍ക്ക് മേല്‍ അദ്ദേഹത്തിന് എത്രത്തോളം ആധിപത്യം സ്ഥാപിക്കാനാകുമെന്ന് നമ്മള്‍ക്കെല്ലാമറിയാം. എന്നാല്‍ ചെന്നൈയില്‍ മികച്ച താരങ്ങളുടെ നിര തന്നെയുണ്ട്. സാം കറന്‍ മികച്ച ഫോമിലാണ്. ക്രീസിലെത്തിയ ഉടന്‍ തന്നെ ആക്രമിച്ച് കളിക്കുന്ന താരമാണ് കറന്‍. ചെന്നൈയ്ക്ക് വേണ്ടത്, താരങ്ങളെ പ്രചോദിക്കുന്ന ഒരു നല്ല ക്യാപ്റ്റനാണ്. അത് ധോണിക്കാവും. അദ്ദേഹം മുമ്പും തെളിയിച്ചതാണ്. ധോണി അദ്ദേഹത്തിന്റെ ഗെയിം കളിക്കട്ടെ.'' ലാറ പറഞ്ഞുനിര്‍ത്തി.

ഇന്നലെ ഏഴാമനായിട്ടാണ് ധോണി ക്രീസിലെത്തിയത്. ടീമിന് 200നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ അവസരമുണ്ടായിരുന്നു. ധോണിയുടെ മെല്ലെപ്പോക്ക് വിനയായി. 188 റണ്‍സാണ് ചെന്നൈയ്ക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ മത്സരത്തില്‍ ചെന്നൈ വിജയം സ്വന്തമാക്കി. രാജസ്ഥാനെതിരെ 45 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം.

Follow Us:
Download App:
  • android
  • ios