Asianet News MalayalamAsianet News Malayalam

ഫാഫ് ഫാബുലസ് തന്നെ; ഐപിഎല്‍ വെടിക്കെട്ട് മാസങ്ങള്‍ക്ക് മുമ്പ് ഏറ്റ പരിക്കിന്‍റെ പ്രശ്‌നങ്ങളുമായി

അബുദാബിയില്‍ വച്ചുതന്നെ ജൂണില്‍ തനിക്ക് സംഭവിച്ച കണ്‍കഷന്‍ പരിക്കിന്‍റെ തുടര്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് മത്സരത്തിന് ഇറങ്ങും മുമ്പ് ഫാഫ് ഡുപ്ലസിസ് വ്യക്തമാക്കി

IPL 2021 CSK Star Faf Du Plessis still playing with injury happened in four months back
Author
Abu Dhabi - United Arab Emirates, First Published Sep 27, 2021, 4:48 PM IST

അബുദാബി: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ കഴിഞ്ഞ മത്സരത്തിലും മിന്നും ഫോമിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) ഓപ്പണര്‍ ഫാഫ് ഡുപ്ലസിസ്(Faf Du Plessis). 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്കായി ഓപ്പണറുടെ റോളിലെത്തിയ ഫാഫ് 30 പന്തില്‍ ഏഴ് ബൗണ്ടറികള്‍ സഹിതം 43 റണ്‍സെടുത്തു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേറ്റ പരിക്കിനെ വകവെക്കാതെയാണ് താരം ഇപ്പോഴും കളിക്കുന്നത് എന്നതാണ് വസ്‌തുത. 

അബുദാബിയില്‍ വച്ചുതന്നെ ജൂണില്‍ തനിക്ക് സംഭവിച്ച കണ്‍കഷന്‍ പരിക്കിന്‍റെ തുടര്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് മത്സരത്തിന് ഇറങ്ങും മുമ്പ് ഫാഫ് ഡുപ്ലസിസ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് വ്യക്തമാക്കി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ മുപ്പത്തിയേഴുകാരനായ ഡുപ്ലസി ഗ്ലാഡിയേറ്റേഴ്‌സ് സഹതാരം മുഹമ്മദ് ഹസ്‌നെയ്‌നുമായി ഫീല്‍ഡിംഗിനിടെ കൂട്ടിയിടിക്കുകയായിരുന്നു. മാസങ്ങളോളം തുടര്‍ന്ന് കളിക്കളത്തിന് പുറത്തായിരുന്നു താരം.

'അവസാനമായി ഇവിടെ എത്തിയപ്പോഴാണ് എനിക്ക് കണ്‍കഷന്‍ സംഭവിച്ചത് എന്നോര്‍ക്കുന്നു. സംഭവം നടന്ന് നീണ്ട നാല് മാസം കഴിഞ്ഞിട്ടും ഇപ്പോഴും കഴുത്തിന് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അതൊന്നും കളിക്കളത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നില്ല. കളിക്കാന്‍ ആരോഗ്യവാനാണോ എന്ന് നായകന്‍ എം എസ് ധോണി ചോദിച്ചിരുന്നു. കളിക്കാന്‍ സന്നദ്ധനാണ് എന്നായിരുന്നു തന്‍റെ മറുപടി' എന്നും ഫാഫ് പറഞ്ഞു. 

ബാറ്റിംഗില്‍ ഫാഫ്

ഫാഫ് തിളങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന പന്തില്‍ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തിയിരുന്നു. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രവീന്ദ്ര ജഡേജയുടെ വെടിക്കെട്ടിനൊടുവില്‍ അവസാന പന്തില്‍ രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കുകയായിരുന്നു. ജഡേജ എട്ട് പന്തില്‍ 22 റണ്‍സെടുത്തു.  20-ാം ഓവറില്‍ നാല് റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ നരെയ്‌നാണ് മത്സരം അവസാന പന്തിലേക്ക് നീട്ടിയത്. 

ചെന്നൈക്കായി ഓപ്പണിംഗില്‍ ഫാഫിന് പുറമെ റുതുരാജ് ഗെയ്‌ക്‌വാദും തിളങ്ങിയിരുന്നു. റുതുരാജ് 28 പന്തില്‍ 40 റണ്‍സെടുത്തു. സ്‌കോര്‍- കൊല്‍ക്കത്ത: 171/6 (20), ചെന്നൈ: 172/8 (20). 

ഫീല്‍ഡിംഗിലും ഫാബുലസ് ഫാഫ്

ബൗണ്ടറിലൈനില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിംഗിലും ഫാഫ് മിന്നിയിരുന്നു. കൊല്‍ക്കത്ത ഇന്നിംഗ്‌സില്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എറിഞ്ഞ 10-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഫാഫിന്‍റെ അത്ഭുതം. സിക്‌സറിന് ശ്രമിച്ച മോര്‍ഗന് അല്‍പമൊന്ന് പാളിയപ്പോള്‍ തന്‍റെ ടൈമിംഗ് കൃത്യമാക്കി ഫാഫ് ക്യാച്ചെടുക്കുകയായിരുന്നു. പന്ത് കൈക്കലാക്കിയ ശേഷം വായുവിലേക്കെറിഞ്ഞ് റോപിന് പുറത്തുനിന്ന് അകത്തേക്ക് തിരിച്ചെത്തി ഫാഫ് പതിവ് ശൈലിയില്‍ ക്യാച്ച് പൂര്‍ത്തിയാക്കി. 

എന്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യ ക്രിക്കറ്റിലെ സൂപ്പര്‍ താരമാവുന്നില്ല; തുറന്നു പറഞ്ഞ് പീറ്റേഴ്സണ്‍

Follow Us:
Download App:
  • android
  • ios