Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; കോലിയും ധോണിയും നേര്‍ക്കുനേര്‍

മികച്ച ഫോമിൽ നിൽക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ജയം ആ‌ർക്കൊപ്പമാകും എന്ന ആകാംക്ഷയിലാണ് ആരാധകർ. 

IPL 2021 CSK vs RCB Dhoni facing Kohli
Author
Mumbai, First Published Apr 25, 2021, 10:09 AM IST

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ഇന്ന് കോലി-ധോണി പോരാട്ടം. മുംബൈയിലെ വാംഖഡെയില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ ഏറ്റുമുട്ടുന്നത്. മികച്ച ഫോമിൽ നിൽക്കുന്ന രണ്ട് ടീമുകൾ മുഖാമുഖമെത്തുമ്പോള്‍ ജയം ആ‌ർക്കൊപ്പമാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.

വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ഗ്ലെന്‍ മാക്‌സ്‌വെല്ലും എ ബി ഡിവില്ലിയേഴ്സും അടങ്ങുന്ന ബാംഗ്ലൂർ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. മുൻ വർഷങ്ങളിൽ തപ്പിത്തടഞ്ഞിരുന്ന ആര്‍സിബി അല്ല ഇത്തവണ കോലിയുടെ ടീം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന ബാംഗ്ലൂർ ഇത്തവണ ആരാധകരുടെ ഫേവറിറ്റുകളിൽ ഒന്നാണ്. 

ആദ്യ രണ്ട് കളികളിൽ മുംബൈക്കും ഹൈദരാബാദിനുനെതിരെ കഷ്ടിച്ചാണ് ജയിച്ചതെങ്കിൽ കൊൽക്കത്തയെയും രാജസ്ഥാനെയും തോൽപ്പിച്ചത് ആധികാരികമായി. കോലിയും പടിക്കലും മാക്സ്‍വെല്ലും ഡിവില്ലിയേഴ്സും അടങ്ങുന്ന ബാറ്റിംഗ് നിര പേരിലെ പെരുമ കളിക്കളത്തിലും കാഴ്‌ചവയ്‌ക്കുന്നു. രാജസ്ഥാനെതിരായ സെഞ്ചുറിയോടെ ദേവ്ദത്ത് പടിക്കലും ഫോമിലേക്കുയർന്നു. എന്നാല്‍ ബൗളിംഗ് നിരയിൽ കെയ്ൽ ജാമീസണും മുഹമ്മദ് സിറാജും ഒഴിച്ചുള്ളവർക്കും മികവ് കണ്ടെത്താനായില്ല. 

മറുഭാഗത്ത് ആദ്യ കളിയിൽ ഡൽഹിയോട് തോറ്റെങ്കിലും പിന്നീടുള്ള മൂന്ന് കളികളും ജയിച്ച ചെന്നൈ ഇക്കുറി മികച്ച ഫോമിലാണ്. പഞ്ചാബിനും രാജസ്ഥാനും എതിരെ മികച്ച പ്രകടനമാണ് ചെന്നൈ ബൗളർമാർ പുറത്തെടുത്തത്. ബാറ്റ്സ്‌‌മാൻമാരിൽ ഫാഫ് ഡുപ്ലെസിസും മോയീൻ അലിയും താളം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ക്യാപ്റ്റൻ എം എസ് ധോണിയും സുരേഷ് റെയ്‌നയും അമ്പാട്ടി റായ്ഡുവും രവീന്ദ്ര ജഡേജയും ഉൾപ്പെടെയുള്ളവർ തപ്പിത്തടയുകയാണ്. മൂന്നുകളികളിൽ ബാറ്റ് ചെയ്ത ധോണിക്ക് നേടാനായത് 35 റൺസ് മാത്രം. 

നേർക്കുനേർ വന്ന 26 കളികളിൽ 16ലും ജയം ചെന്നൈക്ക് ആയിരുന്നെങ്കിലും ഇത്തവണ അത്തരം കണക്കുകൾക്ക് എത്രമാത്രം പ്രസക്തി ഉണ്ടെന്നത് കാത്തിരുന്ന് കാണാം. 

സെന്‍സിബിള്‍ സഞ്ജു, രാജസ്ഥാന്‍ വിജയവഴിയില്‍; കൊല്‍ക്കത്തയ്ക്ക നാലാം തോല്‍വി

Follow Us:
Download App:
  • android
  • ios