Asianet News MalayalamAsianet News Malayalam

മാലദ്വീപിലെ ബാറില്‍ തമ്മിലടിച്ചെന്ന റിപ്പോര്‍ട്ട്; പ്രതികരണവുമായി വാര്‍ണറും സ്ലേറ്ററും

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും കമന്‍റേറ്ററും മുന്‍താരവുമായ മൈക്കല്‍ സ്ലേറ്ററും മാലദ്വീപിലെ ബാറില്‍ വച്ച് ഏറ്റുമുട്ടി എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. 

IPL 2021 David Warner Michael Slater Deny Reports Of Fight
Author
Mali, First Published May 9, 2021, 12:10 PM IST

മാലി: ഐപിഎല്ലില്‍ നിന്ന് മടങ്ങവേ മാലദ്വീപിലെ ബാറില്‍ വച്ച് ഏറ്റുമുട്ടിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും കമന്‍റേറ്ററും മുന്‍താരവുമായ മൈക്കല്‍ സ്ലേറ്ററും. ഡെയ്‌ലി ടെലഗ്രാഫാണ് ഇരുവരും തമ്മിലടിച്ചു എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 

'അഭ്യൂഹങ്ങള്‍ പോലെ ഒന്നുമില്ല. ഞാനും വാര്‍ണറും അടുത്ത സുഹൃത്തുക്കളാണ്. തല്ലുകൂടേണ്ട ഒരു സാഹചര്യവുമില്ല' എന്ന് സ്ലേറ്റര്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് സന്ദേശമയച്ചതായാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടിയെന്ന ഡെയ്‌ലി ടെലഗ്രാഫിന്‍റെ വാര്‍ത്തയോട് വാര്‍ണറും പ്രതികരിച്ചു. 'അവിടെ ഒരു നാടകീയതയുമില്ല. എവിടെ നിന്നാണ് ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടുന്നത് എന്നറിയില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കില്‍, ഉറച്ച തെളിവുകളില്ലാതെ നിങ്ങള്‍ക്ക് ഇങ്ങനെയൊന്നും എഴുതാന്‍ കഴിയില്ല. ഒന്നും സംഭവിച്ചിട്ടില്ല' എന്നായിരുന്നു വാര്‍ണറുടെ വാക്കുകള്‍. 

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാന്‍ വിലക്കുള്ളതിനാല്‍ താരങ്ങളും പരിശീലകരും അംപയര്‍മാരും കമന്‍റേറ്റര്‍മാരും ഉള്‍പ്പെടുന്ന നാല്‍പതംഗ ഓസീസ് സംഘം മാലദ്വീപ് വഴിയാണ് യാത്ര ചെയ്യുന്നത്. ബിസിസിഐ ഇവര്‍ക്കായി പ്രത്യേകം വിമാനം ഏര്‍പ്പെടുത്തുകയായിരുന്നു. മാലദ്വീപില്‍ സുരക്ഷിതമായി എത്തിയ താരങ്ങള്‍ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങുക. 

യാത്രാവിലക്ക് ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്‍റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ അടുത്തിടെ സ്ലേറ്റര്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മെയ് 15 വരെ രാജ്യത്ത് പ്രവേശിക്കാനാകില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കില്ല എന്നുമായിരുന്നു മോറിസണിന്‍റെ പ്രഖ്യാപനം. എന്നാല്‍ 'കൈകളില്‍ രക്തം പുരണ്ടയാള്‍' എന്ന് മോറിസണെ വിശേഷിപ്പിച്ച സ്ലേറ്റര്‍, യാത്രാവിലക്ക് അപമാനകരമാണ് എന്നും വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios