Asianet News MalayalamAsianet News Malayalam

റിഷഭ് പന്ത് മാച്ച് വിന്നര്‍, വാഴ്‌ത്തി വാട്‌സണ്‍; പക്ഷേ ഒരു ഉപദേശമുണ്ട്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ടാം ക്വാളിഫയറില്‍ നേരിടും മുമ്പ് ഡല്‍ഹി നായകന് മാച്ച് വിന്നര്‍ എന്ന വിശേഷണം നല്‍കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍

IPL 2021 DC vs KKR Qualifier 2 Rishabh Pant is a match winner praises Shane Watson
Author
Sharjah - United Arab Emirates, First Published Oct 13, 2021, 4:24 PM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) തുടര്‍ച്ചയായ രണ്ടാം സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ഫൈനലിന് യോഗ്യത നേടുമോ? ഫൈനല്‍ മാത്രമല്ല, യുവ ടീമിനെ വച്ച് റിഷഭ് പന്ത്(Rishabh Pant) കപ്പുയര്‍ത്തിയാല്‍ തന്നെ അതൊരു പുതു ചരിത്രമാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) രണ്ടാം ക്വാളിഫയറില്‍ നേരിടും മുമ്പ് ഡല്‍ഹി നായകന് മാച്ച് വിന്നര്‍ എന്ന വിശേഷണം നല്‍കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സണ്‍(Shane Watson). റിഷഭിന് ചില മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട് വാട്‌സണ്‍. 

'ആക്രമണോത്സുകമായി, ആത്മവിശ്വാസത്തോടെ സ്വതന്ത്രമായി കളിക്കാനാണ് റിഷഭ് പന്തിന് ഞാന്‍ നല്‍കുന്ന ഉപദേശം. അങ്ങനെ കളിക്കുമ്പോഴാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലെ പോലെ മികച്ച ഇന്നിംഗ്‌സും ഒറ്റക്കൈയ്യന്‍ സിക്‌സുകളുമുണ്ടാകുന്നത്. വിസ്‌മയങ്ങള്‍ കാട്ടാനുള്ള പ്രതിഭ അദേഹത്തിനുണ്ട്. അതിനാല്‍ ആ ആത്മവിശ്വാസത്തോടെ സ്വതന്ത്രമായി കളിക്കുക, മത്സരം വിജയിപ്പിക്കുക. 

ടി20 ലോകകപ്പ്: ഇത് ആരാധകര്‍ക്കുള്ള സമ്മാനം; ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ

റിഷഭ് പന്ത് ഒരു മാച്ച് വിന്നറാണ്. എതിരാളികളില്‍ നിന്ന് അതിവേഗം മത്സരം തട്ടിയെടുക്കാന്‍ റിഷഭിനാകും. എല്ലാവരും, പ്രത്യേകിച്ച് ടീം അത് കാണാനാഗ്രഹിക്കുന്നുണ്ട്. നായകനെന്ന നിലയിലും റിഷഭില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നു' എന്നും വാട്‌സണ്‍ പറഞ്ഞു. 

കെകെആര്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് പ്രശംസ 

'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ശുഭ്‌മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് നല്‍കുന്നത്. ഐപിഎല്ലിന്‍റെ ഇന്ത്യന്‍ പാദത്തില്‍ നിന്ന് യുഎഇയിലെത്തിയപ്പോള്‍ വലിയ മാറ്റം നിങ്ങള്‍ക്ക് കാണാം. ആദ്യ പന്ത് മുതലുള്ള അവരുടെ സമീപനവും പിന്നാലെ രാഹുല്‍ ത്രിപാഠിയുടെ മികവും കൊല്‍ക്കത്തയ്‌ക്ക് മികച്ച അടിത്തറ പാകുന്നു'- ഓസീസ് മുന്‍താരം കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ പതിനാലാം സീസണില്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവരാണ് കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുക. ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ വരുന്ന 29-ാം മത്സരമാണിത്. കൊല്‍ക്കത്ത 15ലും ഡല്‍ഹി 12 മത്സരങ്ങളിലും ജയിച്ചു. ഒരു കളി ഉപേക്ഷിക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ ഇന്ത്യന്‍ പാദത്തില്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ യുഎഇ പാദത്തില്‍ മൂന്ന് വിക്കറ്റിന് കൊല്‍ക്കത്തയ്‌ക്കായിരുന്നു ജയം. 

ഐപിഎല്‍ 2021: ഹര്‍ഷല്‍ അല്ലെങ്കില്‍ ചാഹല്‍! ആര്‍സിബി നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ച് ഗംഭീര്‍

Follow Us:
Download App:
  • android
  • ios