സന്തുലിതമായ ഡൽഹിക്ക് മുന്നിലെത്തുമ്പോൾ കൊൽക്കത്തയ്‌‌ക്ക് തന്നെയാണ് നെഞ്ചിടിപ്പ്. 

അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണില്‍ ഇന്നത്തെ രണ്ടാം മൽസരത്തിൽ കരുത്തരായ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് 7.30ന് അഹമ്മദാബാദിലാണ് മൽസരം.

തുടർ തോൽവികളിൽ നിന്ന് വിജയവഴിയിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ് കൊൽക്കത്ത. ആർസിബിയോടേറ്റ ഒരു റൺ തോൽവിയുടെ നിരാശ മാറ്റാൻ ഡൽഹിയും. സന്തുലിതമായ ഡൽഹിക്ക് മുന്നിലെത്തുമ്പോൾ കൊൽക്കത്തയ്‌‌ക്ക് തന്നെയാണ് നെഞ്ചിടിപ്പ്. അവസാന മൽസരം കൈവിട്ടെങ്കിലും ധവാന്റെയും പൃഥ്വി ഷായുടെയും മിന്നും തുടക്കമാണ് ഇതുവരെ ഡൽഹിയുടെ മുന്നേറ്റത്തിൽ നിർണായകമായത്. 

മൂന്നാം ജയം തേടി മുംബൈയും രാജസ്ഥാനും; സഞ്ജുവും രോഹിത്തും നേട്ടത്തിനരികെ

ബാറ്റിംഗിൽ ഷിംമ്രോന്‍ ഹെറ്റ്‌‌മയർ കൂറ്റൻ അടികളുമായി ഫോമിലേക്ക് വന്നത് ഡൽഹിയുടെ കരുത്ത് കൂട്ടും. കഴിഞ്ഞ മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയ ഇഷാന്ത് ശർമ ഇന്നും കളിച്ചേക്കും. അതേസമയം കൊൽക്കത്ത നിരയിൽ ശുഭ്‌മാൻ ഗിൽ താളം കണ്ടെത്തിയിട്ടില്ല. 89 റൺസ് മാത്രമാണ് ഗില്ലിന്റെ ഇതുവരെയുള്ള സംഭാവന. സുനിൽ നരെയ്‌നെ ഓപ്പണിംഗിൽ മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്. ബൗളിംഗിൽ പാറ്റ് കമ്മിൻസും നിരാശപ്പെടുത്തുന്നു.

പരസ്‌പരം ഇരു ടീമുകളും ഏറ്റുമുട്ടിയ 27 കളികളിൽ 14 തവണയും ജയിച്ചത് കൊൽക്കത്തയാണ്. പക്ഷേ അവസാന അഞ്ച് കളിയിൽ നാല് തവണയും ജയം ഡൽഹിക്ക് ഒപ്പം നിന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona