Asianet News MalayalamAsianet News Malayalam

പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യ തിരിച്ചുവരും; ഐക്യദാര്‍ഢ്യവുമായി പീറ്റേഴ്‌സണ്‍

ഐപിഎല്ലിന്റെ കമന്ററി പാനലില്‍ അംഗമായിരുന്ന പീറ്റേഴ്‌സണ്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ വിവിധ ടീമുകളില്‍ താരങ്ങള്‍ കൊവിഡ് വന്നതോടെ ഐപിഎല്‍ നിര്‍ത്തിവച്ചിരുന്നു.
 

IPL 2021, Former England cricketer Kevin Pietersen supports India
Author
New Delhi, First Published May 4, 2021, 8:47 PM IST

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍ ഇംഗ്ലണ്ട് താരവും ഇപ്പോള്‍ കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യയെ കാണുമ്പോള്‍ ഹൃദയം പിളരുകയാണെന്ന് പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. ഐപിഎല്ലിന്റെ കമന്ററി പാനലില്‍ അംഗമായിരുന്ന പീറ്റേഴ്‌സണ്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ വിവിധ ടീമുകളില്‍ താരങ്ങള്‍ കൊവിഡ് വന്നതോടെ ഐപിഎല്‍ നിര്‍ത്തിവച്ചിരുന്നു. 

പിന്നാലെയാണ് താരം തന്റെ ഐക്യദാര്‍ഢ്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.. ''ഞാന്‍ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അവരിപ്പോള്‍ ഇത്തരമൊരു ദുരിതത്തിലൂടെ കടന്നുപോകുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. പ്രതിസന്ധിയെല്ലാം മറികടന്ന് ഈ രാജ്യം തിരിച്ചുവരും. ഇന്ത്യ കാണിക്കുന്ന കാരുണ്യവും ഔദാര്യവും ഈ പ്രതിസന്ധി സമയത്തും ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവില്ല.'' പീറ്റേഴ്‌സണ്‍ കുറിച്ചിട്ടു.

ഇന്നാണ് ഈ സീസണിലെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. വിവിധ ടീമുകളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിങ് കോച്ച് എല്‍ ബാലാജി, സിഇഒ കാശി വിശ്വനാഥന്‍,  എന്നിവര്‍ക്ക് പോസിറ്റീവായിരുന്നു. ഇതോടെ താരങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios