ബൗള്‍ ചെയ്യാന്‍ വയ്യെങ്കില്‍ താരത്തെ പ്ലേയിംഗ് ഇലവനിലെടുക്കേണ്ടതില്ല എന്നാണ് ഗംഭീറിന്‍റെ പക്ഷം

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പ്ലേ ഓഫ് പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders). പ്ലേ ഓഫിന് യോഗ്യത നേടിയാല്‍ പരിക്ക് പൂര്‍ണമായും മാറാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ(Andre Russell) കെകെആര്‍ കളിപ്പിക്കാന്‍ പാടില്ല എന്ന് പറയുകയാണ് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍(Gautam Gambhir). ബൗള്‍ ചെയ്യാന്‍ വയ്യെങ്കില്‍ താരത്തെ പ്ലേയിംഗ് ഇലവനിലെടുക്കേണ്ടതില്ല എന്നാണ് ഗംഭീറിന്‍റെ പക്ഷം. 

അബുദാബിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ആന്ദ്രേ റസല്‍ പിന്നീട് കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ താരം ഇതിനകം പരിശീലനം പുനരാംഭിച്ചിട്ടുണ്ട്. സീസണില്‍ മികച്ച ഫോമിലല്ലെങ്കിലും ബാറ്റും ബോളും കൊണ്ട് അത്ഭുതം കാട്ടാന്‍ കഴിവുള്ള റസലിന്‍റെ അഭാവം ടീമിന്‍റെ സന്തുലിതാവസ്ഥയെ ബാധിച്ചതായി മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ട്. 

ഐപിഎല്‍ 2021: കൊല്‍ക്കത്തയോടേറ്റ ദയനീയ പരാജയം; കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

ഇതിന് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകന്‍ കൂടിയായ ഗൗതം ഗംഭീര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

'പന്തെറിയാന്‍ കഴിയില്ലെങ്കില്‍ റസല്‍ പ്ലേയിംഗ് ഇലവനില്‍ വരരുത്. ടീമില്‍ നിന്ന് പുറത്താകാന്‍ തക്ക വീഴ്‌ച എന്തെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ വരുത്തിയോ? റസല്‍ ആരോഗ്യവാനും ബാറ്റ് ചെയ്യാനും പന്തെറിയാനും സന്നദ്ധനുമാണെങ്കില്‍ മാത്രമേ ടീമിലെടുക്കേണ്ടതുള്ളൂ. ബാറ്റ് ചെയ്യാനാകും, പന്തെറിയാനാകില്ല എന്നാണ് അദേഹം പറയുന്നത് എങ്കില്‍ ആറാം ബൗളിംഗ് ഓപ്‌ഷനായി ഷാക്കിബ് അല്‍ ഹസനെയേ ഞാന്‍ പരിഗണിക്കുകയുള്ളൂ. പ്ലേ ഓഫ് മത്സരങ്ങളില്‍ പാര്‍ട്‌ടൈം ബൗളര്‍മാരുള്‍പ്പടെ നാലോ അഞ്ചോ ബൗളര്‍മാരെ വച്ച് കളിക്കാനാകില്ല' എന്നും ഗംഭീര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

ഐപിഎല്‍ പതിനാലാം സീസണില്‍ 10 മത്സരങ്ങള്‍ കളിച്ച റസല്‍ 11 വിക്കറ്റുകളാണ് നേടിയത്. 9.89 ഇക്കോണമി വഴങ്ങി. എന്നാല്‍ ബാറ്റ് കൊണ്ടുള്ള മോശം പ്രകടനമാണ് ഇതിനേക്കാള്‍ റസലിനെ പ്രതിസന്ധിയിലാക്കുന്നത്. 26.14 ശരാശരിയിലും 152.50 സ്‌ട്രൈക്ക് റേറ്റിലും 183 റണ്‍സേ താരത്തിനുള്ളൂ. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ഈ സീസണില്‍ നേടാനായത്. ഐപിഎല്‍ കരിയറില്‍ 84 മത്സരങ്ങളില്‍ 1700 റണ്‍സും 72 വിക്കറ്റും റസലിനുണ്ട്. 

മുംബൈ ഇന്ത്യന്‍സ് രണ്ട് താരങ്ങളെ നിലനിര്‍ത്തിയേ പറ്റൂ; മറ്റൊന്നും ചിന്തിക്കേണ്ടെന്ന് ആകാശ് ചോപ്ര