Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക്; ഐപിഎല്ലില്‍ കൊവിഡ് പടര്‍ന്ന വഴി ഇങ്ങനെ, കണ്ടെത്തല്‍

ഐപിഎല്ലില്‍ ഒരു ടീമില്‍ നിന്ന് മറ്റൊന്നിലേക്ക് കൊവിഡ് പടര്‍ന്നത് എങ്ങനെ? ബയോ-ബബിളിലെ പിഴവെന്ന് കണ്ടെത്തല്‍.

IPL 2021 How the virus travelled From KKR to DC
Author
Delhi, First Published May 5, 2021, 12:44 PM IST

ദില്ലി: കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ പതിനാലാം സീസണ്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും പുറമെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അമിത് മിശ്രയ്‌ക്കും കഴിഞ്ഞ ദിവസം കൊവിഡ് കണ്ടെത്തി. അതീവ സുരക്ഷിതം എന്ന് ബിസിസിഐ വാദിക്കുന്ന ബയോ-ബബിളില്‍ എങ്ങനെയാണ് ഒരു ടീമില്‍ നിന്ന് മറ്റൊരു ടീമിലേക്ക് വൈറസ് പടര്‍ന്നത് എന്ന സംശയം ഉയരുകയാണ്. ഐപിഎല്‍ ബയോ-ബബിളില്‍ വീഴ്‌ചയുണ്ടായി എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ഐപിഎല്ലില്‍ കൊവിഡ് പടര്‍ന്ന വഴി, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത് 

'ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം വരുണ്‍ ചക്രവര്‍ത്തിയെ കഴിഞ്ഞ ആഴ്‌ച ചുമലിലെ സ്‌കാനിംഗിനായി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഇവിടെ വച്ച് താരത്തിന് രോഗബാധയേറ്റു. അഹമ്മദാബാദിലെ ടീം ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷം സന്ദീപ് വാര്യര്‍ക്കൊപ്പം ചക്രവര്‍ത്തി ഭക്ഷണം കഴിച്ചു. മെയ് ഒന്നിനായിരുന്നു ഇത്. ശേഷം ഇരുവരും മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീലന സെഷനിന് പോയി. സുഖമില്ല എന്ന് ചക്രവര്‍ത്തി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവിടെ വച്ചാണ്. ചക്രവര്‍ത്തിയ ഐസൊലേഷന്‍ ചെയ്‌തെങ്കിലും സന്ദീപ് പരിശീലനത്തിന് പോയി. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നെറ്റ് സെഷനും അവിടെ നടക്കുന്നുണ്ടായിരുന്നു. 

ചെന്നൈ ടീമിന്റെ ബാറ്റിം​ഗ് പരിശീലകൻ മൈക് ഹസിക്കും കൊവിഡ്

കൊല്‍ക്കത്ത-ഡല്‍ഹി ടീമുകളുടെ പരിശീലന സെഷനുകള്‍ മുന്‍നിശ്ചയിച്ച സമയത്തുതന്നെ അവസാനിച്ചെങ്കിലും ഇവിടെ വച്ചാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായത് എന്നാണ് ബിസിസിഐയുടെ നിഗമനം. നെറ്റ്‌സിനിടെ സന്ദീപ് വാര്യര്‍ ഡല്‍ഹി താരം അമിത് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി, സംസാരിച്ചു. എന്നാല്‍ പരിശീലനത്തിന് ശേഷം ടീം ഹോട്ടലില്‍ തിരികെയെത്തിയ മിശ്ര തനിക്ക് സുഖമില്ല എന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഐസൊലേഷനിലായ മിശ്രക്ക് പിന്നാലെയുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇരു ക്യാമ്പിലേയും മറ്റാര്‍ക്കും കൊവിഡ് ബാധയില്ല എന്ന് ഫ്രാഞ്ചൈസികള്‍ തുടര്‍ പരിശോധനയില്‍ ഉറപ്പിക്കുകയും ചെയ്തു. 

ജിപിഎസ് സംവിധാനത്തില്‍ പിഴവുണ്ട് എന്ന് ഫ്രാഞ്ചൈസികള്‍ പരാതിപ്പെട്ടതോടെ, ബയോ-ബബിള്‍ ലംഘനം ടീമുകളും ബോര്‍ഡും ചേര്‍ന്ന് മാനുവല്‍ കോണ്‍ടാക്‌റ്റ് ട്രേസിംഗിലൂടെ കണ്ടെത്തുകയായിരുന്നു' എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios