Asianet News MalayalamAsianet News Malayalam

ഒരോവറില്‍ അഞ്ച് സിക്‌സുകള്‍, വാംഖഡെയില്‍ ജഡ്ഡു ഷോ; ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് ഫാഫ് ഡു പ്ലെസിസ് (50), രവീന്ദ്ര ജഡേജ (28 പന്തില്‍ പുറത്താവാതെ 62),റിതുരാജ് ഗെയ്കവാദ് (33) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

IPL 2021, Jadeja hit five six an over and huge total for CSK against RCB
Author
Mumbai, First Published Apr 25, 2021, 5:34 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 192 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് ഫാഫ് ഡു പ്ലെസിസ് (50), രവീന്ദ്ര ജഡേജ (28 പന്തില്‍ പുറത്താവാതെ 62),റിതുരാജ് ഗെയ്കവാദ് (33) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ ബാംഗ്ലൂരിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹലിന് ഒരു വിക്കറ്റുണ്ട്.  ലൈവ് സ്കോര്‍‌.

മികച്ച തുടക്കം നല്‍കി റിതുരാജ്- ഫാഫ് സഖ്യം

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിതുരാജ്- ഫാഫ് സഖ്യം ചെന്നൈയ്്ക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റിതുരാജാണ് ആദ്യം പുറത്തായത്. യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ കെയ്ല്‍ ജാമിസണിന് ക്യാച്ച് നല്‍കിയാണ് റിതുരാജ് മടങ്ങുന്നത്. നാല് ഫോറും ഒരു സിക്‌സും താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മൂന്നാമതായി ക്രീസിലെത്തിയ സുരേഷ് റെയ്‌നും (18 പന്തില്‍ 24) നിര്‍ണായക സംഭാവന നല്‍കി. ഫാഫിനൊപ്പം 37 റണ്‍സാണ് റെയ്‌ന കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന്റ അടുത്തടുത്ത പന്തുകളില്‍ ഇരുവരും പവലിയനില്‍ തിരിച്ചെത്തി. റെയ്‌ന ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയപ്പോള്‍ ഫാഫ് ഡാന്‍ ക്രിസ്റ്റ്യന്റെ കയ്യിലമര്‍ന്നു.

ധോണിയെ സാക്ഷിയാക്കി ജഡ്ഡു ഷോ

ഫാഫ്, റിതുരാജ് എന്നിവരെ മടക്കിയതിന് പിന്നാലെ അമ്പാട്ടി റായുഡുവും (7 പന്തില്‍ 14) ഹര്‍ഷലിന് മുന്നില്‍ മുട്ടുമടക്കി. ഒരോ സിക്‌സും ഫോറും നേടി പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് റായുഡി നല്‍കിയത്. എന്നാല്‍ ഹര്‍ഷലിനെതിരെ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ജാമിസണിന് ക്യാച്ച് നല്‍കുകയായിരുന്നു. അവസാനങ്ങളില്‍ രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 190 കടത്തിയത്. പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സും ഒരു ഫോറുമാണ് ജഡേജ അടിച്ചെടുത്തത്. ആ ഓവറില്‍ 37 റണ്‍സ് പിറന്നു. ധോണി (മൂന്ന് പന്തില്‍ 2) പുറത്താവാതെ നിന്നു.

ഇരു ടീമിലും മാറ്റങ്ങള്‍

നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. പൂര്‍ണമായും ഫിറ്റല്ലാത്ത മൊയീന്‍ അലിക്ക് പകരം ഇമ്രാന്‍ താഹിര്‍ ടീമിലെത്തി. ലുങ്കി എന്‍ഗിഡിക്ക് പകരം ഡ്വെയ്ന്‍ ബ്രാവോയും കളിക്കും. ബാംഗ്ലൂരിലും രണ്ട് മാറ്റങ്ങളുണ്ട്. ഷഹബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പുറത്തായി. ഡാനിയേല്‍ ക്രിസ്റ്റ്യന്‍, നവ്ദീപ് സൈനി എന്നിവര്‍ കളിക്കും. ഇതുവരെ പരാജയമറിയാത്ത ബാംഗ്ലൂര്‍ നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ചെന്നൈ തൊട്ടുതാഴെ രണ്ടാം സ്ഥാനത്തും.

ടീമുകള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡായിയേല്‍ ക്രിസ്റ്റിയന്‍, കെയ്ല്‍ ജാമിസണ്‍, നവ്ദീപ് സൈനി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്,  സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍.

Follow Us:
Download App:
  • android
  • ios