Asianet News MalayalamAsianet News Malayalam

ബട്‌ലര്‍ക്ക് സെഞ്ചുറി, പിന്തുണ നല്‍കി സഞ്ജു; ഹൈദരാബാദിനെതിരെ രാജസ്ഥാന് ജയം

 മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ രാജസ്ഥാന് അഞ്ചാമതെത്തി. ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയമുള്ള രാജസ്ഥാന് ആറ് പോയിന്റുണ്ട്.
 

IPL 2021, Jos Buttler century helps Rajasthan to victory over Hyderabad
Author
New Delhi, First Published May 2, 2021, 7:29 PM IST

ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ദില്ലി, അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 55 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറുടെ (64 പന്തില്‍ 124) സെഞ്ചുറിയുടെ കരുത്തില്‍ 220 റണ്‍സ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 33 പന്തില്‍ 48 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ രാജസ്ഥാന് അഞ്ചാമതെത്തി. ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയമുള്ള രാജസ്ഥാന് ആറ് പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്താണ്. ലൈവ് സ്‌കോര്‍.

പുതിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് കീഴിലും ഹൈദരാബാദിന് രക്ഷയുണ്ടായില്ല. അവരുടെ എക്കാലത്തേയും മികച്ച താരം ഡേവിഡ് വാര്‍ണറെ പുറത്തിരുത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മനീഷ് പാണ്ഡെ (31)- ജോണി ബെയര്‍സ്‌റ്റോ (30) എന്നിവരാണ് ഹൈദരാബാദിന്റെ അക്കൗണ്ട് തുറന്നത്. ഇവര്‍ മാത്രമാണ് ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കെയ്ന്‍ വില്യംസണ്‍് (20), വിജയ് ശങ്കര്‍ (8), കേദാര്‍ ജാദവ് (19), മുഹമ്മദ് നബി (17), അബ്ദുള്‍ സമദ് (10), റാഷിദ് ഖാന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഭുവനേശ്വര്‍ കുമാര്‍ (14), സന്ദീപ് ശര്‍മ (8) എന്നിവര്‍ പുറത്താവാതെ നിന്നു. ഫിസ്, മോറിസ് എന്നിവര്‍ക്ക് പുറമെ കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ബട്‌ലറുടെ സെഞ്ചുറിയാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. എട്ട് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. യശസ്വി ജയ്‌സ്വാള്‍ (13 പന്തില്‍ 12) പെട്ടന്ന് പുറത്തായെങ്കിലും സഞ്ജുവിനൊപ്പം 150 കൂട്ടുകെട്ടുണ്ടാക്കാന്‍ ബട്‌ലര്‍ക്കായി. 33 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. റിയാന്‍ പരാഗ് (15), ഡേവിഡ് മില്ലര്‍ (7) പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios