Asianet News MalayalamAsianet News Malayalam

‍ വിശ്രമമോ പരിക്കോ ? ഹർദ്ദിക് പാണ്ഡ്യ പന്തെറിയാത്തതിനുള്ള കാരണം തുറന്നു പറഞ്ഞ് ലിൻ

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ സ്പിന്നർമാരായ രാഹുൽ ചാഹറിനെയും ക്രുനാൽ പാണ്ഡ്യയെയും ​ഗ്ലെൻ മാക്സ് വെൽ അടിച്ചു പറത്തിയപ്പോൾ ഹർദ്ദിക്ക് പന്തെറിയാനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ മുംബൈ നായകൻ രോഹിത് ശർമയും ഹർദ്ദിക്കിനെക്കൊണ്ട് ബൗൾ ചെയ്യിച്ചില്ല.

IPL 2021 Lynn reveals why Hardik did not bowl against RCB
Author
Chennai, First Published Apr 10, 2021, 4:14 PM IST

ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനോട് അവസാന പന്തിൽ അടിയറവ് പറഞ്ഞപ്പോൾ മുംബൈ നിരയിൽ നിരാശപ്പെടുത്തിയ താരങ്ങളിലൊരാൾ ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യയായിരുന്നു. സ്ലോ​ഗ് ഓവറുകളിൽ ബാറ്റിം​ഗിനെത്തിയ ഹർദ്ദിക് ബാറ്റിം​ഗിൽ നിരാശപ്പെടുത്തിയപ്പോൾ ബൗൾ ചെയ്തതുമില്ല.

നേരത്തെ ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഹർദ്ദിക്കിനെക്കൊണ്ട് ബൗൾ ചെയ്യിക്കാതിരുന്നതിനെക്കുറിച്ച് വിമർശനം ഉയർന്നപ്പോൾ പരിക്കിൽ നിന്ന് അടുത്തിടെ മുക്തനായി തിരിച്ചെത്തിയ ഹർദ്ദിക്കിന് വരാനിരിക്കുന്ന നിർണായക പരമ്പരകൾ കണക്കിലെടുത്ത് വിശ്രമം നൽകിയതാണെന്നായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വിശദീകരണം. എന്നാൽ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇതേ ഹർദ്ദിക് ഉജ്ജ്വലമായി പന്തെറിയുകയും ചെയ്തു.

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ സ്പിന്നർമാരായ രാഹുൽ ചാഹറിനെയും ക്രുനാൽ പാണ്ഡ്യയെയും ​ഗ്ലെൻ മാക്സ് വെൽ അടിച്ചു പറത്തിയപ്പോൾ ഹർദ്ദിക്ക് പന്തെറിയാനെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ മുംബൈ നായകൻ രോഹിത് ശർമയും ഹർദ്ദിക്കിനെക്കൊണ്ട് ബൗൾ ചെയ്യിച്ചില്ല. ഇതോടെ എന്തുകൊണ്ട് ഓൾ റൗണ്ടറായ ഹർദ്ദിക്കിനെക്കൊണ്ട് ഒരോവർ പോലും ബൗൾ ചെയ്യിച്ചില്ല എന്ന ചോദ്യവുമായി ആരാധകർ രം​ഗത്തെത്തി. ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുംബൈ ഓപ്പണറായ ക്രിസ് ലിൻ.

ഹർദ്ദിക്കിന്റെ തോളിന് നേരിയ പരിക്കുണ്ടെന്നും അതുകൊണ്ടാണ് ബൗൾ ചെയ്യാതിരുന്നതെന്നും ലിൻ പറഞ്ഞു. ഹർദ്ദിക്കിന്റെ പരിക്കിന്റെ കാര്യത്തിൽ എനിക്ക് 100 ശതമാനം ഉറപ്പില്ല. പക്ഷെ നേരിയ പരിക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഫിസിയോയുടെ നിർദേശപ്രകാരം മുൻകരുതൽ എന്ന നിലയിലാവും അദ്ദേഹത്തെക്കൊണ്ട് ബൗൾ ചെയ്യിക്കാതിരുന്നത് എന്നാണ് കരുതുന്നത്.

സീസണിൽ ഇനിയും പതിനാലോളം മത്സരങ്ങളുണ്ട്. ഹർദ്ദിക്കിന്റെ തോളിനാണ് പരിക്കെന്നതിനാൽ അത് വഷളാവേണ്ടെന്ന് കരുതിയാവും ബൗൾ ചെയ്യിക്കാതിരുന്നത്. ബാം​ഗ്ലൂരിനെതിരെ ഞങ്ങൾക്ക് ആറാം ബൗളറുടെ കുറവുണ്ടായിരുന്നു. എന്നാൽ ഹർദ്ദിക്ക് ബൗൾ ചെയ്യാൻ തുടങ്ങിയാൽ അത് മുംബൈയുടെ ബൗളിം​ഗിന് കൂടുതൽ വൈവിധ്യം നൽകുമെന്നും ലിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios