31 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 

അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സിന്‍റെ ജയവുമായി പഞ്ചാബ് കിംഗ്‌സിന്‍റെ ശക്തമായ തിരിച്ചുവരവ്. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. കോലിയെയും മാക്‌സ്‌വെല്ലിനെയും എബിഡിയേയും പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് കളി പഞ്ചാബിന്‍റെ വരുതിയിലാക്കിയത്. 31 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 179 റൺസ് നേടി. ഒരുവേള 200 കടക്കുമെന്ന് തോന്നിച്ച പഞ്ചാബിൻറെ ഇന്നിംഗ്‌സ് നാടകീയതകൾ നിറഞ്ഞതായി. ഗെയിലാട്ടത്തിന് ശേഷം മധ്യനിര തകർന്നെങ്കിലും അവസാന ഓവറുകളിൽ കെ എൽ രാഹുലിലൂടെയും ഹർപ്രീത് ബ്രാറിലൂടെയും കളി തിരിച്ചുപിടിക്കുകയായിരുന്നു പഞ്ചാബ്. രാഹുൽ 57 പന്തിൽ 91* റൺസും ഗെയ്‌ൽ 24 പന്തിൽ 46 റൺസും ബ്രാർ 17 പന്തിൽ 25* റൺസുമെടുത്തു. 

ഗംഭീരം ഗെയ്‌ല്‍

കെ എൽ രാഹുലിനൊപ്പമിറങ്ങിയ പുത്തൻ ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗിനെ(7 പന്തിൽ 7) നാലാം ഓവറിൽ ജാമീസൺ പുറത്താക്കിയെങ്കിലും അതിഗംഭീരമായിരുന്നു പഞ്ചാബ് കിംഗ്‌സിൻറെ ആദ്യ 10 ഓവറുകൾ. ക്രിസ് ഗെയ്‌ൽ അടിച്ചൊതുക്കിയപ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തിൽ 90 റൺസ് പിറന്നു. ജാമീസണെ ആറാം ഓവറിൽ അഞ്ച് ബൗണ്ടറികൾ സഹിതം 20 റൺസടിച്ച് ഗെയ്‌ൽ കൈകാര്യം ചെയ്തതായിരുന്നു ഇതിലെ ഹൈലൈറ്റ്. 

എന്നാൽ മത്സരത്തിൻറെ സ്റ്റിയറിംഗ് ആർസിബി തൊട്ടടുത്ത ഓവറിൽ തിരിച്ചുപിടിക്കുന്നതാണ് പിന്നാലെ കണ്ടത്. പഞ്ചാബ് 15 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റിന് 119 റൺസെന്ന നിലയിലേക്ക് കൂപ്പുകൂത്തി. 19 റൺസിനിടെ നാല് വിക്കറ്റുകൾ വീഴുകയായിരുന്നു.

പിന്നെയെല്ലാം ട്വിസ്റ്റ് 

ഡാനിയേൽ സാംസ് എറിഞ്ഞ 11-ാം ഓവറിൽ ഹുക്കിന് ശ്രമിച്ച ഗെയ്‌ൽ വിക്കറ്റിന് പിന്നിൽ എബിഡിയുടെ കൈകളിലെത്തിയത് വഴിത്തിരിവായി. 24 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും ഗെയ്‌ൽ 46 റൺസ് നേടി. ജാമീസണിൻറെ 12-ാം ഓവറിലെ മൂന്നാം പന്തിൽ നിക്കോളാസ് പുരാൻ(0), ഷഹ്‌ബാസിൻറെ 14-ാം ഓവറിലെ അവസാന പന്തിൽ ദീപക് ഹൂഡ(5), ചാഹലിൻറെ തൊട്ടടുത്ത ഓവറിലെ നാലാം പന്തിൽ ഷാരൂഖ് ഖാൻ(0) എന്നിവർ ഡ്രസിംഗ് റൂമിലെത്തി. 

കെ എൽ രാഹുൽ 35 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയത് മാത്രമായിരുന്നു പഞ്ചാബിന് ഇതിനിടെ ആശ്വസിക്കാനുണ്ടായിരുന്നത്. എന്നാൽ ഏഴാമനായി ക്രീസിലെത്തിയ ഹർപ്രീത് ബ്രാർ രാഹുലിനൊപ്പം അവസാന മൂന്ന് ഓവറുകളിൽ കളി തിരിച്ചുപിടിച്ചു. സീസണിലെ വിക്കറ്റ് വേട്ടക്കാരൻ ഹർഷാലിൻറെ 18-ാം ഓവറിൽ 18 റൺസും സിറാജിൻറെ 19-ാം ഓവറിൽ ഏഴ് റൺസും ഹർഷാലിൻറെ തന്നെ അവസാന ഓവറിൽ 22 റൺസും രാഹുലും ഹർപ്രീതും ചേർത്തതോടെ പഞ്ചാബ് 179 റൺസിലെത്തി.

ആര്‍സിബിക്ക് ബ്രേക്കിട്ടത് ബ്രാര്‍ 

മറുപടി ബാറ്റിംഗില്‍ ആര്‍സിബിയുടെ തുടക്കവും പാളി. സ്‌കോര്‍ ബോര്‍ഡില്‍ 19 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍(7) റിലി മെരെഡിത്തിന് മുന്നില്‍ വീണു. മൂന്നാമന്‍ രജത് പാട്ടിദാറിനൊപ്പം നായകന്‍ വിരാട് കോലി സാവധാനം മുന്നേറിയെങ്കിലും 11-ാം ഓവറില്‍ ബ്രാര്‍ ആര്‍സിബിക്ക് ഇരട്ടപ്രഹരം നല്‍കി. ആദ്യ പന്തില്‍ വിരാട് കോലി(34 പന്തില്‍ 35) ബൗള്‍ഡ്. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ബൗള്‍ഡ്(0). കോലിയുടെ ലെഗ് സ്റ്റംപും മാക്‌സിയുടെ ഓഫ് സ്റ്റംപുമാണ് തെറിച്ചത്. 

13-ാം ഓവറില്‍ വീണ്ടും എത്തിയപ്പോള്‍ സാക്ഷാല്‍ എബിഡിയേയും ബ്രാര്‍ പറഞ്ഞയച്ചു. രാഹുലിന്‍റെ കൈകളിലെത്തുമ്പോള്‍ എബിഡിക്ക് 9 പന്തില്‍ മൂന്ന് റണ്‍സ് മാത്രം. പിന്നീട് ആര്‍സിബി താരങ്ങളെ കാലുറപ്പിക്കാന്‍ പോലും പഞ്ചാബ് ബൗളര്‍മാര്‍ അനുവദിച്ചില്ല. ജോര്‍ജാന്‍റെ 15-ാം ഓവറിലെ നാലാം പന്തില്‍ രജത് പാട്ടിദാറും(31), ബിഷ്‌ണോയിയുടെ 16-ാം ഓവറിലെ നാലാം പന്തില്‍ ഷഹ്‌ബാദ് അഹമ്മദും(8), അഞ്ചാം പന്തില്‍ ഡാനിയേല്‍ സാംസും(0) മടങ്ങി. അതോടെ ആര്‍സിബി 96-7. 

ഒടുവില്‍ പഞ്ചാബ്

ഇതോടെ അവസാന നാല് ഓവറില്‍ 84 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യം വേണമെന്നായി ആര്‍സിബിക്ക് ജയിക്കാന്‍. ഹര്‍ഷാല്‍ പട്ടേല്‍ ഒന്ന് ശ്രമിച്ച് നോക്കിയെങ്കിലും ഏറെ വിദൂരമായിരുന്നു ഈ സ്‌കോര്‍. അവസാന ഓവറില്‍ മെരെഡിത്തിന് പരിക്കേറ്റതോടെ പകരമെത്തിയ ഷമി എറിഞ്ഞ നാലാം പന്തില്‍ ഹര്‍ഷാലിനെ(13 പന്തില്‍ 31) ബിഷ്‌ണോയി പറക്കും ക്യാച്ചില്‍ പുറത്താക്കിയപ്പോള്‍ സിറാജും(0*) ജാമീസണും(16*) പുറത്താകാതെ നിന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona