Asianet News MalayalamAsianet News Malayalam

മാക്‌സ്‌വെല്‍ കൊളുത്തി, ഡില്ലിയേഴ്‌സ് പൂര്‍ത്തിയാക്കി; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍

ടോസ് നേടി ബാറ്റിങ് തിരിഞ്ഞെടുത്ത ബാഗ്ലൂരിന് ഗ്ലെന്‍ മാക്‌സ്‌വെല്‍ (49 പന്തില്‍ 78), എബി ഡിവില്ലിയേഴ്‌സ് (34 പന്തില്‍ 76) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

IPL 2021, Maxwell and De Villiers helped RCB to huge total vs KKR
Author
Chennai, First Published Apr 18, 2021, 5:27 PM IST

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 205 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരിഞ്ഞെടുത്ത ബാഗ്ലൂരിന് ഗ്ലെന്‍ മാക്‌സ്‌വെല്‍ (49 പന്തില്‍  78), എബി ഡിവില്ലിയേഴ്‌സ് (34 പന്തില്‍ പുറത്താവാതെ 76) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്‌കോര്‍.

മോശം തുടക്കമായിരുന്നു ബാംഗ്ലൂരിന്. രണ്ട് ഓവറുകള്‍ക്കിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോലി (5), രജത് പട്യേദര്‍ (1) എന്നിവരാണ് മടങ്ങിയത്. ഒമ്പത് റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. വരുണ്‍ ചക്രവര്‍ത്തിയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യം മടങ്ങിയത്. വരുണിനെ പന്ത് കവറിന് മുകളിലൂടെ കടത്താനുള്ള ശ്രമത്തില്‍ ക്യാപ്റ്റന് പിഴച്ചു. വായുവില്‍ ഉയര്‍ന്ന പന്ത് രാഹുല്‍ ത്രിപാഠി മനോഹരമായ ക്യാച്ചിലൂടെ കയ്യിലൊതുക്കി. അതേ ഓവറിലെ അവസാന പന്തില്‍ പട്യേദാറും മടങ്ങി. ബൗള്‍ഡാവുകയായിരുന്നു താരം.

പിന്നീട് ദേവ്ദത്ത് പടിക്കലിനെ (28 പന്തില്‍ 25) സാക്ഷി നിര്‍ത്തി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരുവശത്ത് നിന്ന് അടിത്തുടങ്ങി. ദേവ്ദത്ത് മികച്ച പിന്തുണ നല്‍കിയപ്പോള്‍ കൂട്ടുകെട്ട് 86 റണ്‍സ് വരെ നീണ്ടു. പടിക്കല്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് അടിച്ചുകളിച്ചു. ഡിവില്ലിയേഴ്‌സിനൊപ്പം 53 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും മാക്‌സിക്കായി. എന്നാല്‍ കമ്മിന്‍സിന്റെ പന്തില്‍ ഹര്‍ഭജന്‍ സിംഗിന് ക്യാച്ച് നല്‍കി ഓസ്‌ട്രേലിയന്‍ താരം മടങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ബാക്കി പൂരം ഡിവില്ലിയേഴ്‌സിന്റെ വകയായിരുന്നു. മാക്‌സിയെ പോലെ മൂന്ന് സിക്‌സും ഒമ്പത് ഫോറും താരം നേടി. ആറാം വിക്കറ്റില്‍ കെയ്ല്‍ ജാമിസണിനൊപ്പം (നാല് പന്തില്‍ പുറത്താവാതെ 11) 56 റണ്‍സും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ മൂന്ന് ഓവര്‍സീസ് താരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. മാക്സ്വെല്‍, എബി ഡിവില്ലിയേവ്സ്, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് ഓവര്‍സീസ് താരങ്ങള്‍. ഡാനിയേല്‍ ക്രിസ്റ്റിയന് പകരമാണ് പട്യേദാര്‍ ടീമിലെത്തിയത്. കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി.കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനേയും അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനേയുമാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. കൊല്‍ക്കത്തയ്ക്ക് ഒരു ജയവും തോല്‍വിയുമാണുള്ളത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച കൊല്‍ക്കത്ത രണ്ടാം മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പട്യേദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ഷാക്കിബ് അല്‍ ഹസന്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിംഗ്, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Follow Us:
Download App:
  • android
  • ios