Asianet News MalayalamAsianet News Malayalam

പഞ്ചാബിനെ പഞ്ചറാക്കുന്നത് രാഹുലിന്‍റെ 'സ്‌പീഡോ'; വിമര്‍ശനം ശക്തം

പോയ സീസണിൽ പഞ്ചാബിന്‍റെ തോൽവിക്ക് പ്രധാന കാരണം നായകന്‍റെ മെല്ലെപ്പോക്കായിരുന്നു. 

IPL 2021 PBKS vs SRH Question rising over KL Rahul Strike rate
Author
Chennai, First Published Apr 21, 2021, 11:00 AM IST

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ പഞ്ചാബ് കിംഗ്‌സ് നായകന്‍ കെ എൽ രാഹുല്‍ ബാറ്റിംഗ് ഗിയര്‍ മാറ്റുമോ എന്നതാണ് പ്രധാന ചോദ്യം. പഞ്ചാബിന്‍റെ തോൽവിക്ക് കാരണം രാഹുലിന്‍റെ മെല്ലെപ്പോക്കാണ് എന്ന വിമര്‍ശനം ശക്തമാണ്. 

യുഎഇയിൽ നിന്ന് ഐപിഎൽ നാട്ടിലെത്തിയിട്ടും കെ എൽ രാഹുലിന്‍റെ സ്‌ട്രൈക്ക് റേറ്റിന് കാര്യമായ മാറ്റമില്ല. പോയ സീസണിൽ പഞ്ചാബിന്‍റെ തോൽവിക്ക് പ്രധാന കാരണം നായകന്‍റെ മെല്ലെപ്പോക്കായിരുന്നു. ഏഴ് ഇന്നിംഗ്സില്‍ രാഹുല്‍ 40 കടന്നെങ്കിലും അഞ്ചിലും സ്‌ട്രൈക്ക് റേറ്റ് 130ൽ താഴെ മാത്രം. ഇതിൽ നാല് കളിയിൽ പഞ്ചാബ് പഞ്ചറായി. ജയിച്ച ഏക മത്സരത്തിലാകട്ടേ അവസാന പന്തിലാണ് എതിരാളികളെ മറികടക്കാനായത്.

രാജസ്ഥാന്‍ റോയൽസിന് അടുത്ത പ്രഹരം; ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി

ഇക്കുറി രാജസ്ഥാനെതിരെ 50 പന്തില്‍ 91 റൺസുമായി തുടങ്ങിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാഹുൽ ഇഴഞ്ഞു. 51 പന്തില്‍ നേടിയത് 61 റൺസ് മാത്രം. സ്‌ട്രൈക്ക് റേറ്റ് 120ലും താഴെ. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധസെഞ്ചുറി നേടിയ മൂന്ന് ഇന്നിംഗ്സും രാഹുലിന്‍റെ പേരിലാണ്. പഞ്ചാബിന്‍റെ പ്രശ്നം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ അത് ആര് നായകനോട് പറയും എന്നതാണ് ചോദ്യം.  

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് സണ്‍റൈസേഴ്‌സിനെ പഞ്ചാബ് നേരിടുന്നത്. പഞ്ചാബ് സീസണിലെ രണ്ടാം ജയം ലക്ഷ്യമിടുമ്പോള്‍ ആദ്യ ജയമാണ് ഹൈദരാബാദിന്‍റെ നോട്ടം. നിലവില്‍ പഞ്ചാബ് ഏഴും ഹൈദരാബാദ് എട്ടും സ്ഥാനക്കാരാണ്. 

ഐപിഎല്‍: ഇന്ന് രണ്ട് മത്സരങ്ങള്‍, അക്കൗണ്ട് തുറക്കാന്‍ സണ്‍റൈസേഴ്‌സ്

Follow Us:
Download App:
  • android
  • ios