മുംബൈ: ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ-റിഷഭ് പന്ത് പോരാട്ടം. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്ക് റിഷഭിന്‍റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഐപിഎല്ലില്‍ പുതുമുഖ നായകന്മാർ നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. 

പഞ്ചാബ് കിംഗ്‌സിനെതിരെ അവസാന പന്തിൽ മത്സരം കൈവിട്ടതിന്റെ നിരാശ മാറ്റുകയാണ് രാജസ്ഥാന്‍റെ ലക്ഷ്യം. പ്രധാന താരങ്ങളുടെ അഭാവം ഇരു ടീമുകള്‍ക്കും തലവേദനയാണ്. ടൂർണമെന്‍റിന് മുൻപ് ജോഫ്രാ ആർച്ചറുടെ പരിക്കില്‍ പ്രതിസന്ധിയിലായ രാജസ്ഥാൻറെ നിരയിൽ കൈവിരലിന് പൊട്ടലേറ്റ ബെന്‍ സ്റ്റോക്‌സ് ഇനി കളിക്കില്ല. രാജസ്ഥാന്‍ ഓപ്പണിംഗിലേക്ക് ജോസ് ബട്‍ലർ എത്താനാണ് സാധ്യത.

സ്റ്റോക്‌സിന് പകരം ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവി‍ഡ് മില്ലർ എന്നിവരാണ് പരിഗണനയിൽ. ബൗളിംഗിലെ കൃത്യതയില്ലായ്‌മയും ഫീൽഡിംഗിലെ പിഴവുകൾക്കും ആദ്യ മത്സരത്തിൽ രാജസ്ഥാൻ വലിയ വില നൽകിയിരുന്നു. അത് പരിഹരിക്കാതെ ജയിക്കുക ടീമിന് വെല്ലുവിളിയാണ്.

അതേസമയം ബാറ്റിംഗിന്‍റെ ആഴമാണ് ഡൽഹിയുടെ കരുത്ത്. പൃഥ്വി ഷാ, ശിഖർ ധവാൻ ഓപ്പണിംഗ് സഖ്യം ഫോമിലുള്ളത് ടീമിന് മുതൽക്കൂട്ടാണ്. റിഷഭ് പന്ത്, ഷിമ്രോന്‍ ഹെറ്റ്മയർ, മാര്‍ക്കസ് സ്റ്റോയിനിന്, അജിൻക്യ രഹാനെ എന്നിവർ ബാറ്റിംഗ് കരുത്ത് വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ചതോടെ ആൻറിച്ച് നോർജിയക്ക് സീസണിൽ ഭൂരിഭാഗം മത്സരവും നഷ്ടമാകും. എന്നാല്‍ ക്വാറന്റീനിലുള്ള കാഗിസോ റബാഡ തിരിച്ചെത്തിയാൽ ഡൽഹിയുടെ ബൗളിംഗിന് മൂർച്ചയേറും.

ചരിത്രം ഒപ്പത്തിനൊപ്പം

നേർക്കുനേർ പോരാട്ടങ്ങളിൽ തുല്യശക്തികളാണ് രാജസ്ഥാനും ഡൽഹിയും. ആകെ നടന്ന 22 മത്സരങ്ങളിൽ 11 വീതം ജയം ഇരുവർക്കുമുണ്ട്. സീസണില്‍ ആദ്യ മത്സരം ജയിച്ച ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം തോല്‍വിയോടെ തുടങ്ങിയ രാജസ്ഥാന്‍ ആറാമതാണ്. 

വാര്‍ണര്‍ക്ക് മറുപടി ഷഹബാസിന്റെ വക; ഹൈദരാബാദിന് തോല്‍വി, ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം