ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗരവ് ഗാംഗുലിയുടേയും എം എസ് ധോണിയുടേയും അംശം പന്തിലുണ്ട് എന്നാണ് ഓജയുടെ നിരീക്ഷണം. 

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന റിഷഭ് പന്തിന് ഇന്ത്യന്‍ ക്യാപ്റ്റനാകാനുള്ള ശേഷിയുണ്ടെന്ന് മുന്‍താരം പ്രഗ്യാന്‍ ഓജ. ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗരവ് ഗാംഗുലിയുടേയും എം എസ് ധോണിയുടേയും അംശം റിഷഭിലുണ്ട് എന്നാണ് ഓജയുടെ നിരീക്ഷണം. 

'ഇപ്പോള്‍ കാണുന്ന ബാറ്റിംഗ് മികവും പക്വതയും തുടര്‍ന്നാല്‍ റിഷഭ് പന്തിന് ഒരു ദിവസം ഇന്ത്യന്‍ നായകനാകാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. സൗരവ് ഗാംഗുലി, എം എസ് ധോണി എന്നിവരെ കുറിച്ച് സൃഷ്‌ടിക്കപ്പെട്ട പ്രഭാവലയമാണ് റിഷഭിലും കാണുന്നത്. വളരെ വിദൂരമാണെങ്കിലും ടീം ഇന്ത്യയുടെ നായകനാവാന്‍ അദേഹത്തിന് കഴിയും എന്നാണ് പ്രതീക്ഷ. താരവും നായകനും എന്ന നിലയില്‍ ഇപ്പോള്‍ റിഷഭ് സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നത് അവന്‍റെ നിരന്തര വിമര്‍ശകര്‍ കാണണം. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിക്ക് കീഴില്‍ റിഷഭിന് കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയും' എന്നും ഓജ പറഞ്ഞു. 

ഐപിഎല്ലില്‍ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് വൈകിട്ട് ഏഴരയ്‌ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അഹമ്മദാബാദിലാണ് മൽസരം. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ഏറ്റ ഒരു റൺ തോൽവിയുടെ നിരാശ മാറ്റാനാണ് ഡല്‍ഹി ഇറങ്ങുന്നത്. പരസ്‌പരം ഏറ്റുമുട്ടിയ അവസാന അഞ്ച് കളിയിൽ നാല് തവണയും ജയിക്കാനായി എന്നത് കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഡല്‍ഹിയുടെ കരുത്ത് കൂട്ടുന്ന ഘടകമാണ്. 

സീസണില്‍ ആറില്‍ നാല് മത്സരങ്ങള്‍ ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. എല്ലാ മത്സരത്തിലും കളത്തിലിറങ്ങിയ നായകന്‍ റിഷഭ് പന്ത് 183 റണ്‍സ് നേടി. ഐപിഎല്‍ കരിയറിലാകെ 74 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 35.90 ശരാശരിയിലും 149.70 സ്‌ട്രൈക്ക് റേറ്റിലും 2262 റണ്‍സ് നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര കരിയറില്‍ ഇതുവരെ 20 ടെസ്റ്റില്‍ 1358 റണ്‍സും 18 ഏകദിനങ്ങളില്‍ 529 റണ്‍സും 32 ടി20കളില്‍ 512 റണ്‍സും 23കാരനായ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ നേടിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona